ലോക്ഡൗൺ: പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

single-img
20 April 2020

ലോക്ഡൗൺ നിലവിൽ ഉള്ളതിനാൽ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹതിറെ പിതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍വച്ചാണ് നടക്കുക.എന്നാല്‍ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റണം. അതിനാല്‍ പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് അദ്ദേഹം കുടുംബത്തെ അറിയിക്കുകയായിരുന്നു.

‘അവസാനമായി പിതാവിനെ ഒരുനോക്കു കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍കോവിഡ് മഹാമാരിയുടെ സമയത്ത് സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമ മറന്നു എനിക്ക് അത് ചെയ്യാന്‍ സാധിക്കില്ല. നാളെ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പിന്തുടരാന്‍ ഞാന്‍ എന്റെ അമ്മയോടും ബന്ധുക്കളോടും അഭ്യര്‍ഥിക്കുന്നു.

രാജ്യത്തെ ലോക്ഡൗണ്‍ അവസാനിച്ചതിന് ശേഷം ഞാന്‍ അവിടെയെത്തും. എന്റെ ബഹുമാന്യനായ പിതാവിന്റെ നിര്യാണത്തില്‍ ഞാന്‍ അത്യധികം ദുഃഖിതനാണ്. ചെറുപ്പത്തില്‍ത്തന്നെ സത്യസന്ധത, കഠിനാധ്വാനം, നിസ്വാര്‍ഥ സേവനം എന്നിവയുടെ മൂല്യങ്ങള്‍ എനിക്ക് അദ്ദേഹം പകര്‍ന്നു തന്നു.’ യോഗി ആദിത്യനാഥ് പറഞ്ഞു.

ഇന്നലെ രാവിലെയാണ് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന യോഗിയുടെ പിതാവ് ആനന്ദ് സിംഗ് ബ്രിഷ്ട് മരിച്ചത്.വൃക്കരോഗത്താല്‍ മാര്‍ച്ച് 15 മുതല്‍ ആനന്ദ് സിങ് ബിസ്ത് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.