ഭർത്താവ് കുളിച്ചിട്ട് രണ്ടാഴ്ചയായി, ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നു: പരാതിയുമായി ഭാര്യ

single-img
20 April 2020

വൃത്തിയും വെടിപ്പും ഇല്ലാതെ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നു എന്ന പരാതിയുമായി ഭാര്യ. രണ്ടാഴ്ചയായി കുളിക്കാൻ പോലും തയാറാകാത്ത ഭർത്താവ്  നിരന്തരം ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നെന്ന പരാതിയാണ് ഭാര്യ നൽകിയിരിക്കുന്നത്. ബംഗളൂരു പൊലീസിന്റെ വനിതാ സെല്ലിലാണ് വ്യത്യസ്തമായ ഈ പരാതി എത്തിയത്. 

ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ ഭർത്താവ് കുളിച്ചിട്ടില്ലെന്നാണ് ‌രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് വനിതാ സെല്ലിൽ ലഭിച്ച നിരവധി പരാതികളിൽ ഒന്നുമാത്രമാണിതെന്നും വളരെക്കാലത്തിനു ശേഷം കുടുംബാംഗങ്ങൾ‌ ഒന്നിച്ച് വീട്ടിൽ ഒത്തുകൂടിയത് പലതരത്തിലുള്ള സംഘർഷങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.  

ലോക ഡൗൺ കാലത്ത് മാനസിക ശാരീരിക പീഡനം സംബന്ധിച്ച പരാതികളുടെ എണ്ണവും കൂടിയതായും പൊലീസ് പറയുന്നു. അതേസമയം ഇത് ബംഗളുരുവിലെയോ കർണാടകത്തിലെയോ മാത്രം പ്രശ്നമല്ല. ഓസ്ട്രേലിയ, യുഎസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുള്ള വാർത്തകളും പുറത്തുവരുന്നു. 

ബംഗളൂരു ജയാനഗറിലെ 31 കാരിയാണ് ഭർത്താവ് കുളിക്കുന്നില്ലെന്ന പരാതി നൽകിയിരിക്കുന്നത്. സാധനങ്ങൾ വാങ്ങാൻ പണം ഇല്ലാത്തതിനെ തുടർന്ന് പലചരക്ക് വ്യാപാരിയായ ഭർത്താവ് കടയിൽ പോകാതെയായെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഇയാൾ കുളിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്നും വീട്ടമ്മ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. 

തന്റെ ഒൻപതു വയസുള്ള മകളും അച്ഛനെ അനുകരിച്ച് കുളിക്കാൻ വിസമ്മതിക്കുകയാണെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. ഇതിനിടെ ലൈംഗികബന്ധത്തിനും ഇയാൾ നിരന്തരമായി നിർബന്ധിക്കുന്നുണ്ട്. പരാതിയെ തുടർന്ന് ഭർത്താവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പൊലീസ് വ്യക്തി ശുചിത്വത്തിന്റെ പ്രധാന്യത്തെ കുറിച്ച് ക്ലാസ് നൽകിയ ശേഷം മടക്കി അയച്ചു.