കോവിഡിനെ രാജ്യത്ത് മുസ്ലിം വിരുദ്ധത​ പടര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നു: അരുന്ധതി റോയ്

single-img
19 April 2020

ഇന്ത്യയിൽ കോവിഡിനെ മുസ്ലീം വിരുദ്ധത പടര്‍ത്താനുള്ള ആയുധമാക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാറെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി റോയി തന്റെ പ്രതികരണം അറിയിച്ചത്. അന്താരാഷ്ട്ര ലോകം സൂക്ഷമായി വീക്ഷിക്കേണ്ട കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾ ക്ലേശം അനുഭവിക്കുന്നത് കോവിഡില്‍ നിന്നും മാത്രമല്ല, വെറുപ്പ്, വിശപ്പ് തുടങ്ങിയവയില്‍ നിന്നും കൂടിയാണ്.

രാജ്യമാകെ നിലനിൽക്കുന്ന ഒരു കൂട്ടക്കൊലക്ക് സമാനമായ അന്തരീക്ഷത്തെയാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത് അരുന്ധതി റോയ് പറഞ്ഞു. ഒരു സമയം മുസ്ലീംങ്ങള്‍ക്കെതിരെയായ വിദ്വേഷപ്രചാരണം ഡല്‍ഹിയില്‍ വംശഹത്യയിലേക്ക് നയിച്ചിരുന്നു. ഇപ്പോഴാവട്ടെ കോവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ യുവനേതാക്കളെ അറസ്റ്റ് ചെയ്യുന്നു,

കേന്ദ്ര സർക്കാർ രാജ്യത്തെ അഭിഭാഷകര്‍, എഡിറ്റര്‍മാര്‍, ചിന്തകര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയാണ്. പലരും തടവിലായിക്കഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുൻ കാലത്ത് ജൂതന്മാരെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ വെറുപ്പ് പടര്‍ത്താനും ടൈഫസ് എന്ന പകര്‍ച്ചപ്പനിയെ നാസികള്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ രീതിയിലാണ് കോവിഡിനെ മുസ്ലീംങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.