`തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ പോലും പ്രവാസി വോട്ടർമാരെ ചാർട്ടേർഡ് പ്ലെയിനിൽ നാട്ടിലെത്തിക്കുന്ന ലീഗ് നേതൃത്വത്തിനെ ഇപ്പോൾ കാണാനില്ല: പ്രവാസികൾ നാട്ടിൽ പോയാൽ നേതാക്കളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ആളെക്കിട്ടില്ല´

single-img
16 April 2020

മുസ്ലീം ലീഗിന് പ്രവാസികളുടെ വോട്ട് മാത്രം മതിയോ എന്ന ചോദ്യവുമായി പ്രവാസികൾ. നാട്ടിൽ ഏതെങ്കിലും ഒരു വാർഡിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ പോലും അറബ് നാട്ടിൽ നിന്നും പ്രവാസി വോട്ടർമാരെ ചാർട്ടേർഡ് പ്ലെയിനിൽ നാട്ടിലെത്തിക്കുന്ന ലീഗ് നേതൃത്വത്തിന് പ്രവാസികളുടെ ജീവന് വിലയില്ലേയെന്നും അണികൾ ചോദിക്കുന്നു. കൊറോണ ഗൾഫ് രാജ്യങ്ങളിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലീഗ് നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത് 

വിദേശികളും സ്വദേശികളുമായ തൊഴിലുടമകളെ കണ്ട് ‘വോട്ടർ തൊഴിലാളിക്ക്’ ലീവ് വാങ്ങിക്കൊടുക്കുന്നതു മുതൽ വിമാനം പറന്നുയരുമ്പോൾ കൈവീശിക്കാണിക്കുന്നതു വരെ കെഎംസിസിയാണ് ചെയ്യുക. എന്നാൽ ഇന്ന് അവരെ കാണാനില്ലെന്നാണ് പ്രവാസികളുടെ സംസാരം. കൊറോണ വൈറസ് പടരുന്നു എന്നു കേട്ടപ്പോൾ തന്നെ അറബ് പ്രവാസ ലോകത്ത് വലിയ ഭീതിയാണ് ഉണ്ടായത്. എന്നാൽ മാർച്ച് അവസാനത്തോടെ ചൂട് കൂടുമെന്നും വൈറസ് ചത്തുപോകുമെന്നും ആരും ഭയക്കേണ്ടെന്നുമാണ് കെഎംസിസി നേതാക്കൾ പറഞ്ഞതെന്നും പ്രവാസികളുടെ ഇടയിൽ പ്രചരിക്കുന്ന വാട്സ്ആപ്പ് പോസ്റ്റുകളിൽ പറയുന്നു. 

ഇന്ത്യൻ എയർപോർട്ടുകൾ അടക്കും മുൻപേ തദ്ദേശീയരായ തൊഴിലുടമകളെ കാര്യം ബോധ്യപ്പെടുത്തി പ്രവാസികൾക്ക് ലീവ് വാങ്ങിത്തന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള കഴിവ് കെഎംസിസിക്ക് ഉണ്ടായിരുന്നു. പണിക്കാർ എല്ലാം നാട്ടിൽ പോയാൽ കെഎംസിസി നേതാക്കളുടെ കടയിലും സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ ആളില്ലാതെ അടച്ചിടേണ്ടി വരുമെന്നതിനാലാണ് സംഘടന അങ്ങനൊരു നീക്കം നടത്താതിരുന്നതെന്ന് ഇന്ന് തിരിച്ചറിയാൻ പറ്റുന്നുണ്ടെന്നും പല പ്രവാസികളും ചൂണ്ടിക്കാട്ടുന്നു. 

അറബ് നാട്ടിലേക്കുള്ള എക്സ്പോർട്ട്- ഇംപോർട്ട് ബിസിനസുകാർക്ക് കസ്റ്റംസ് ക്ലിയറൻസ് പ്രശ്നമുണ്ടായാൽ പോലും ബിജെപി സർക്കാരിൻ്റെ തലപ്പത്ത് പിടിച്ച് കാര്യം ശരിയാക്കുന്ന ലീഗ് നേതാക്കൾക്ക് പാവം പ്രവാസിയുടെ കാര്യത്തിൽ ഈ പിടിപാട് ഉപയോഗിക്കാൻ വയ്യ. സ്വന്തം ഫ്ലാറ്റും അപ്പാർട്ട്മെൻ്റും വണ്ടിയും ഉള്ള കെഎംസിസി നേതാക്കൾക്ക് കൊറോണയല്ല ഇബ്ലീസ് വന്നാലും പ്രശ്നമല്ല. എന്നാൽ പാവം ‘പ്രവാസി വോട്ടറുടെ’ ഗതി കഷ്ടത്തിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 

അടുത്ത തെരഞ്ഞെടുപ്പിന് ‘വോട്ട് വിമാനം’ നിറക്കാനുള്ള പ്രവാസികളെ പടച്ചോൻ കാത്തു രക്ഷിച്ച് ബാക്കിയാക്കട്ടെയെന്നാണ് വാട്സ്ആപ്പ് പോസ്റ്റുകളിലൂടെ പ്രാർത്ഥന ഉയരുന്നത്.