ദുബെെയിൽ ചങ്ങനാശ്ശേരി സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു

single-img
15 April 2020

ദുബൈയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു.  ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയയാണ് മരിച്ചത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

 ദുബെയിലുള്ള ജിന്‍കോ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആറായി. 

സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ളത്. 5369 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.  സൗദിയില്‍ 73 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം യുഎഇയിലെ വൈറസ് ബാധിതരുടെ എണ്ണം 4933 ആയി. ഇതുവരെ 28 പേര്‍ മരിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ മുപ്പത്തിയേഴായിരം പേരെയാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയരാക്കിയത്. വരുന്ന നാലാഴ്ച രോഗബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.