ട്രംപ് ചോദിച്ച മരുന്ന് ഇന്ത്യ അമേരിക്കയിലെത്തിച്ചു

single-img
12 April 2020

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യ പ്രകാരം ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകള്‍ അമേരിക്കയില്‍ എത്തി. ഈ മരുന്നുകൾ കൊവിഡ് 19നെതിരെ ഉപയോഗിക്കാമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് അമേരിക്ക ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടത്. ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറോടെ ന്യൂആര്‍ക്ക് വിമാനത്താവളത്തില്‍ മരുന്ന് എത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസ‌ഡർ തരണ്‍ജിത് സിംഗ് സന്ധു ട്വീറ്റ് ചെയ്തു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ വിലക്കിയിരുന്നു. എന്നാല്‍, അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയോട് മരുന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യ മറുപടി നല്‍കാന്‍ വൈകിയപ്പോള്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപിന്റെ പ്രസ്താവന വിവാദമുണ്ടാക്കുകയും ചെയ്തു. പിന്നീട് ഇന്ത്യ അമേരിക്ക, ഇസ്രായേലടക്കമുള്ള വിവിധ രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.