മടങ്ങി വരാൻ തയ്യാറായ കോവിഡ് ഇല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാം: സഹായവാഗ്ദാനവുമായി യുഎഇ

single-img
11 April 2020

ഡല്‍ഹി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസഡര്‍ മുഹമ്മദ് അല്‍ ബന്ന. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ വ്യക്തമാക്കി. യു.എ.ഇ തന്നെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്‌.

എല്ലാ പ്രവാസികളെയും അവരുടെ രാജ്യങ്ങളിലെത്തിക്കാൻ യു.എ.ഇ തയാറാണെന്നും സ്ഥാനപതി വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായവാഗ്ദാനം.

കോവിഡ് ബാധയില്ലാത്ത പ്രവാസികളെ സ്വന്തം നിലക്ക് അവരുടെ മാതൃരാജ്യങ്ങളിലേക്ക് അയക്കാൻ യു.എ.ഇ ഒരുക്കമാണ്. മെഡിക്കൽ ടെസ്റ്റുകൾ നടത്തി ഇവർക്ക് അസുഖമില്ലെന്ന് സ്ഥിരീകരിക്കും. അസുഖമുള്ളവർക്ക് യു.എ.ഇയിൽ തന്നെ ചികിത്സ നൽകും. ഇതുസംബന്ധിച്ച് വാക്കാലുള്ള അറിയിപ്പ് മറ്റ് രാജ്യങ്ങളുടെ എംബസികൾക്ക് നൽകിക്കഴിഞ്ഞതായും ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി വ്യക്തമാക്കി.

അതേസമയം, കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെഎംസിസിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കായി പ്രവാസി ലീഗല്‍ സെല്ലാണ് കോടതിയെ സമീപിച്ചത്. കോവിഡ് മൂലമുള്ള ദുരിതാവസ്ഥയും യാത്രാനിയന്ത്രണവും തുടര്‍ന്നാല്‍ പ്രവാസികളുടെ തിരിച്ചുവരവ് വൈകുമെന്നതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.