‘എനിക്കുറപ്പുണ്ട്, ഇന്ത്യയിലായതിനാല്‍ ഒന്നും സംഭവിക്കില്ല’ ; സർക്കാർ ഒരുക്കിയ കൊവിഡ് ക്യാംപിൽ നിന്നും സ്പെയിൻ സ്വദേശി പറയുന്നു

single-img
9 April 2020

ഹോളിവുഡ് സിനിമയായ 2004ല്‍ പുറത്തിറങ്ങിയ ദ് ടെര്‍മിനല്‍ എന്ന സിനിമയിലെ നായകന്റെ അനുഭവമാണ് ഇവിടെ ശരിയായ ജീവിതത്തിൽ സ്പെയിനില്‍ നിന്നുള്ള ഈ അറുപത്തിയെട്ടുകാരനായ മരിയാനോ കാബ്രെറോയ്ക്ക് ലഭിച്ചിരിക്കുന്നത്. കാര്യം മറ്റൊന്നുമല്ല, അപ്രതീക്ഷിതമായ ലോക്ക് ഡൗണിൽ ഇദ്ദേഹം മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് 12 ദിവസമാണ്. സിനിമയിലെ നായകൻ കുടുങ്ങിയത് ന്യൂയോര്‍ക്കിലെ വിമാനത്താവളത്തില്‍ ആയിരുന്നു.

സ്‌പെയിനിലെ വിരമിച്ച അധ്യാപകനായ മരിയാനോ കാബ്രെറോ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിൽ എത്തുന്നത്. സർക്കാർ തയ്യാറാക്കിയ അഭയ കേന്ദ്രത്തില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹം വിമാനത്താവളത്തിലെ വെറും നിലത്തായിരുന്നു കിടന്നിരുന്നത്. അതായത് മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 4 വരെ. കഴിഞ്ഞ വർഷം ഡിസംബറിലാണ് മരിയാനോ ഇന്ത്യയിലെത്തിയത്.

ഇപ്പോൾ അഞ്ച് ദിവസമായി കൊവിഡ് ക്യാംപിലാണ് മരിയാനോയുള്ളത്. തനിക്ക് ഇന്ത്യയിൽ സുഹൃത്തുക്കൾ ഇല്ല എന്നും എയര്‍പോര്‍ട്ടില്‍ നേരിട്ട അനുഭവത്തേക്കാള്‍ മികച്ചതാണ് കൊവിഡ് ക്യാംപിലെന്നും ഇദ്ദേഹം പറയുന്നു. മാത്രമല്ല, സ്‌പെയിൻ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ സാധിച്ചുവെന്നും ലോക്ക് ഡൌണ്‍ കഴിയുന്നതോടെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നുമാണ് അധികൃതര്‍ വിശദമാക്കിയതെന്നും ഇദ്ദേഹം എൻഡി ടിവിയോട് പറഞ്ഞു.

സർക്കാർ ക്യാംപിലെ സൌകര്യങ്ങളും മികച്ചതാണ്. അവിടെ കൃത്യമായി ഭക്ഷണവും ബെഡും ലഭിക്കുന്നുണ്ട്. പോലീസും വളരെ സൌഹൃദപരമായാണ് ഇടപെടുന്നതെന്നും മരിയാനോ പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലായതിനാല്‍ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും ഉറപ്പുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.