ആഗോളതലത്തില്‍ മരണം 82,000 കടന്നു: യൂറോപ്പിൽ മാത്രം നഷ്ടപ്പെട്ടത് അരലക്ഷം ജീവനുകൾ

single-img
8 April 2020

കോവിഡ് മഹാമാരിയായിൽ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണം 82,000 കടന്നു. മരണസംഖ്യ 82,019 ആയി. 24 മണിക്കൂറിനിടെ ലോകത്താകമാനമായി 4800 ലേറെ ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോ​ഗബാധിതരുടെ എണ്ണം 14,30,516 ആയി. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. 

മരണക്കളമായി യൂറോപ്പ്. യൂറോപ്പിലാണ് കോവിഡ് അതിഭീകരമായി പടരുന്നത്. യൂറോപ്പിൽ മരണം അരലക്ഷം കടന്നു.  ഫ്രാന്‍സ്, ബ്രിട്ടൻ, ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും രൂക്ഷമായിട്ടുള്ളത് . 

ഫ്രാന്‍സിലും ഇന്നലെ ആയിരത്തിലേറെ പേർ മരിച്ചു. 1417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണ സംഖ്യ പതിനായിരം കടക്കുകയും ചെയ്തു. മൊത്തം 11 ലക്ഷത്തോളം പേര്‍ക്കാണ് ഫ്രാന്‍സില്‍ രോഗബാധയേറ്റിട്ടുള്ളത്. 

ബ്രിട്ടനിൽ കഴിഞ്ഞദിവസം 786 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ ആറായിരം കടക്കുകയും ചെയ്തിട്ടുണ്ട്. നാലായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരികരിച്ചു. മൊത്തം രോഗികളുടെ എണ്ണം അമ്പത്തയ്യായിരം കടക്കുകയും ചെയ്തു.

ഇറ്റലിയില്‍ 604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 17127 ലധികം ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്പെയിനിൽ 550 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. മൊത്തം മരണസംഖ്യ 14,045 പിന്നിട്ടു. ബെൽജിയത്തിൽ മരണസംഖ്യ 2000 കടന്നു. 22000 ലധികം പേര്‍ക്ക് രാജ്യത്ത് രോഗബാധയേറ്റിട്ടുണ്ട്. 

നെതര്‍ലാന്‍ഡ്സിൽ മരണസംഖ്യ 2000 പിന്നിട്ടു. ഇറാന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ ഇന്ന് നൂറിലേറെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.  

അമേരിക്കയിലും കോവിഡ് രോ​ഗബാധ മൂലം സ്ഥിതി അതീവ​ഗുരുതരമാണ്. അമേരിക്കയിൽ മരണം 12,790 കടന്നു. ഇന്നലെ മാത്രം 1919 പേരാണ് മരിച്ചത്.  മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു.