മരുന്ന് തന്നില്ലെങ്കില്‍ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും: ഭീഷണിയുമായി ട്രംപ്

single-img
7 April 2020

കൊവിഡ് 19നെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ ഭീഷണി.  കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 

കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്.

‘ഞായറാഴ്ച രാവിലെ ഞാന്‍ മോദിയുമായി ഫോണില്‍ ബന്ധപ്പെട്ട് മരുന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവരെ മരുന്ന് എത്തിയിട്ടില്ല. മരുന്ന് വിട്ടുതന്നതില്‍ അഭിനന്ദനം അറിയിക്കണമെന്നുണ്ടായിരുന്നു. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും´- ട്രംപ് പറഞ്ഞു. 

ഇന്ത്യയുടെ തീരുമാനം യുഎസുമായുള്ള ബന്ധത്തെ ബാധിക്കുമശന്നും അദ്ദേഹം പറഞ്ഞു. ´മരുന്ന് തരുന്നത് സംബന്ധിച്ച തീരുമാനം നരേന്ദ്രമോദിയുടേതാണെങ്കില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. എന്തായാലും തീരുമാനം അദ്ദേഹം പറയണം’- ട്രംപ് വൈറ്റഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ട്രംപ് മരുന്ന് നല്‍കണമെന്ന് മോദിയോട് ഫോണില്‍ അപേക്ഷിച്ചത്. കഴിഞ്ഞ മാസമാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മരുന്ന് നല്‍കുന്നത്. വിഷയത്തില്‍ ഇന്ന് ഇന്ത്യ നിലപാട് അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മൊത്തം ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകളുടെ കണക്കെടുപ്പ് നടക്കുകയാണെന്നും സ്റ്റോക്ക് അറിഞ്ഞതിന് ശേഷം മാത്രമേ ഔദ്യോഗിക നിലപാട് അറിയിക്കൂവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.