ഇനിയും വീട്ടിൽ തുടരേണ്ടിവരും: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രം പിൻവലിക്കാൻ സാധ്യത

single-img
7 April 2020

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രം പിൻവലിക്കാൻ സാധ്യത. സർക്കാർ നിയമിച്ച കർമ്മസമിതി നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാവും നിയന്ത്രണങ്ങൾ നീക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഹോട്ട്സ്പോട്ടായി കണ്ടെത്താത്ത ജില്ലകളിൽ നാമമാത്രമായി നിയന്ത്രണങ്ങൾ നീക്കുകയാണ് ചെയ്യുന്നതെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. 

സ്വകാര്യ, പൊതുഗതാഗത സംവിധാനം എന്നിവ നിയന്ത്രിക്കുക, ജില്ലകൾ തോറുമുള്ള ഗതാഗതം നിയന്ത്രിക്കുക, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക തുടങ്ങിയ ശുപാർശകളാണ് കർമ്മസമിതി നൽകിയിരിക്കുന്നത്. 

ഒറ്റ- ഇരട്ട അക്ക വാഹനങ്ങൾക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങിയ നിർദ്ദേശവുമുണ്ട്. മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചനകൾ.