മഹാമാരിക്കിടയിൽ എന്ത് വിരോധം? എയർഇന്ത്യ വിമാനത്തിനു വ്യോമപാത തുറന്നു നൽകി പാകിസ്താനും ഇറാനും, പലഘട്ടങ്ങളിലും വിമാനത്തെ സഹായിച്ച് പാകിസ്താൻ

single-img
6 April 2020

ലോകമാകെ കോവിഡ് ആശങ്ക പിടിമുറുക്കുമ്പോൾ തുടർന്നുവന്ന വെെരങ്ങൾ മായുന്ന കാഴ്ചയ്ക്കും കൂടി ലോകം വേദിയാകുകയാണ്. ഇന്ത്യയിൽ കുടുങ്ങിയ വിദേശികളുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നു ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു തിരിച്ച എയർ ഇന്ത്യ വിമാനത്തിന് വ്യോമപാത തുറന്നു നൽകി പാകിസ്താനും ഇറാനും. 

പാകിസ്താൻ്റെ വ്യോമപാതയിൽ കടന്നയുടൻ എയർ ഇന്ത്യ പൈലറ്റിനെ അഭിവാദ്യം ചെയ്ത് പാക് എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥൻ ചോദിച്ചു – ‘കോവിഡ് ദൗത്യത്തിന്റെ ഭാഗമാണോ യാത്ര?’ ‘അതെ’ എന്നു മറുപടി നൽകി.  ‘രോഗം പടർന്നു പിടിക്കുമ്പോഴും പ്രത്യേക സർവീസുകൾ നടത്തുന്ന നിങ്ങളിൽ അഭിമാനിക്കുന്നു. എല്ലാ ആശംസകളും’- മറുപടിക്കു പിന്നാലെ എയർ ഇന്ത്യയെ പുകഴ്ത്തി പാക്ക് ഉദ്യോഗസ്ഥന്റെ വാക്കുകളെത്തി. 

യാത്രാദൂരം പരമാവധി കുറയ്ക്കാൻ കറാച്ചിക്കു മുകളിലൂടെ പറക്കാനും വിമാനത്തെ അനുവദിച്ചു. തന്ത്രപ്രധാന സേനാ താവളങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയ്ക്കു മുകളിലൂടെയുള്ള യാത്രയ്ക്ക് മുൻപ് പലപ്പോഴും പാക് അധികൃതർ അനുമതി നിഷേധിച്ചിട്ടുണ്ട്. ജീവിതത്തിലാദ്യമായാണ് പാക് അധികൃതരിൽ നിന്ന് ഇത്തരമൊരു സന്ദേശം ലഭിക്കുന്നതെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇറാനിലേക്കു കടക്കവേ ബുദ്ധിമുട്ട് നേരിട്ട വിമാനത്തെ സഹായിക്കാനും പാകിസ്താൻ തയാറായി. എയർ ട്രാഫിക് അധികൃതരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന പൈലറ്റിന്റെ സന്ദേശം പാക്ക് അധികൃതർ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വ്യോമകേന്ദ്രത്തിൽ അറിയിച്ചു. വിമാനത്തിന്റെ വിശദാംശങ്ങളും കൈമാറി. പിന്നാലെ പൈലറ്റിനെ ബന്ധപ്പെട്ട ഇറാൻ അധികൃതർ അവരുടെ സേനാപാത തുറന്നുകൊടുക്കുകയായിരുന്നു. . 

ഇറാൻ വ്യോമസേന ഉപയോഗിക്കുന്ന പാത ദൂരം കുറവാണ്. സമീപകാലത്ത് ആദ്യമായാണ്, വിദേശ വിമാനത്തിനായി ഇറാൻ സേനാപാത തുറക്കുന്നത്. എയർ ഇന്ത്യയുടെ സേവനത്തെ ഇറാനും പുകഴ്ത്തി.