വീടുകാക്കും പോലെ സ്റ്റേഷനും പരിസരവും കാത്തു; വിരമിക്കുന്ന പാർട്ട് ടൈം സ്വീപ്പർക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആദരം

single-img
1 April 2020

വരന്തരപ്പിള്ളി: കേരളത്തിൽ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം, വിരമിക്കുന്ന ഒരു പാർട്ട് ടൈം സ്വീപ്പർക്ക് ഗാർഡ് ഓഫ് ഓണർ നൽകി പൊലീസ് യാത്രയാക്കുന്നത്. 30 വർഷം വീടുകാക്കും പോലെ സ്റ്റേഷനും പരിസരവും ശുചിയായി പരിചരിച്ച, മുപ്ലിയം പണ്ടാരത്തിൽ രാമന്റെ ഭാര്യ രാധയ്ക്കാണ്(70) ഗാർഡ് ഓഫ് ഓണർ നൽകി യാത്രയാക്കിയത് . തിരക്കുള്ള സമയമായതിനാൽ യാത്രയയപ്പ് സമ്മേളനമൊന്നും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല.

ജോലിയുടെ അവസാന മാസങ്ങളിൽ ബാക്കിയുള്ള അവധികൾ ഒന്നിച്ചെടുത്ത് തീർക്കാൻ അവസരമുണ്ടായിട്ടും കൊവിഡ് കാലത്തെ ശുചിത്വം ഏറ്റെടുത്ത് ഇവർ ജോലിക്കെത്തിയിരുന്നു. ഇവരെ ഉചിതമായ രീതിയിൽ യാത്രയാക്കണമെന്നു ജില്ലാ പൊലീസ് മേധാവിയുടെയും നിർദേശമുണ്ടായിരുന്നു. എസ്എച്ച്ഒ എസ്. ജയകൃഷ്ണനും എസ്‌ഐ ചിത്തരഞ്ജനും ചേർന്ന് ഉപഹാരം നൽകി. പൊലീസ് ജീപ്പിൽ വീട്ടിലെത്തിച്ചു. 1960ൽ പത്താംക്ലാസ് പാസായ രാധ 1990ലാണ് സർവീസിൽ പ്രവേശിക്കുന്നത്. വിരമിക്കുന്ന ദിവസമായ ഇന്നലെയും പതിവുപോലെ രാധ ജോലിക്കെത്തിയിരുന്നു.