റേഷൻകടകൾ വഴി മദ്യം വിതരണം ചെയ്യണമെന്ന ഫേസ്ബുക്ക് പോസ്റ്റ്; മലപ്പുറം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

single-img
29 March 2020

അമിത മദ്യാസക്തി ഉള്ളവർക്ക് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി മദ്യലഭ്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പാര്‍ട്ടിയുടെ നിലപാട് അല്ല ജില്ലാ സെക്രട്ടറി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയതെന്നും പാര്‍ട്ടി വിരുദ്ധ നിലപാടിനെ തുടര്‍ന്നാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കംചെയ്തതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലൂടെ സംഘടനാവിരുദ്ധ നിലപാട് പ്രസിദ്ധീകരിച്ചതിനാണ് നടപടി. ഗുലാം ഹസന്‍ ആലംഗീർ എഴുതിയ പോസ്റ്റിനെ തുടർന്ന് പാര്‍ട്ടിക്കുള്ളില്‍നിന്നടക്കം വിമര്‍ശനം ഉയര്‍ന്നതോടെ അദ്ദേഹം പ്രസ്തുത പോസ്റ്റ് പിന്‍വലിച്ചുകൊണ്ട് മാപ്പ് പറഞ്ഞിരുന്നു. അതേസമയം തന്നെ മദ്യപാനികള്‍ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും അത് പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എഴുതുകയുണ്ടായി.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ സ്ഥിരം മദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പുവരുത്തണമെന്നായിരുന്നു ഗുലാം ഹസന്‍ ആലംഗീര്‍ പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. ലോക്ക് ഡൌൺ നിലവിൽ വന്നതിനെ തുടർന്ന് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ അപ്പാടെ ഇല്ലാതാക്കിയെന്നും അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷകക്ഷികളുടെ മേല്‍ കെട്ടിവെക്കാനുള്ള കുത്സിതനീക്കമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.