ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് രോഗബാധിതനായത് ഏറണാകുളത്തു നിന്നെന്ന് സംശയം

single-img
29 March 2020

ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന് രോഗബാധയുണ്ടായത് എറണാകുളത്ത് നിന്നാണെന്ന് സംശയത്തിൽ ആരോഗ്യവകുപ്പ്. വിദേശത്തുനിന്നെത്തിയ ഏറണാകുളം സ്വദേശിയോടൊപ്പം ഇയാൾ താമസിച്ചിരുന്നതായി വിവരമുണ്ട്.ആ വ്യക്തിക്ക് ഇതുവരെ രോഗമില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, രോഗമില്ലെങ്കില്‍തന്നെയും കൂടെയുണ്ടായിരുന്ന വ്യക്തിക്ക് രോഗവാഹകനാകാന്‍ കഴിയും. അയാൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണുള്ളത്.

കോൺഗ്രസ് നേതാവ് മാര്‍ച്ച്‌ എട്ടിന് രോഗബാധിതനായെന്നാണ് നിഗമനം. അന്ന് ഇദ്ദേഹം എറണാകുളം ജില്ലയിലുണ്ടെന്ന് മൊബൈല്‍ടവര്‍ ലൊക്കേഷനിലൂടെ വ്യക്തമായി. നേതാവിന്റെ റൂട്ട്മാപ്പില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നു. സൈബര്‍ സെല്ലിന്റെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്റെയും സഹായത്തോടെശനിയാഴ്ച റൂട്ട്മാപ്പ് പുതുക്കി. സ്ഥലങ്ങള്‍ വിട്ടുപോയിട്ടുണ്ടോയെന്ന പരിശോധന തുടരുകയുമാണ്.

റൂട്ട് മാപ്പില്‍ മാര്‍ച്ച്‌ നാലിന് ഇദ്ദേഹം എവിടെയായിരുന്നുവെന്ന് പറഞ്ഞിരുന്നില്ല. ഓര്‍മയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരോട് പറഞ്ഞത്. സെക്രട്ടറിയറ്റില്‍ ചെന്ന വിവരവും റൂട്ട് മാപ്പില്‍ ഉള്‍പ്പെട്ടില്ല. പലയിടത്തും ഇയാള്‍ ചെന്നിരുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. മാര്‍ച്ച്‌ നാലിന് കൊച്ചി കടവന്ത്ര പാലത്തിന് സമീപത്തെ ഐഎന്‍ടിയുസി ഓഫീസില്‍ എത്തിയെന്ന വിവരവും ലഭിച്ചു. 18ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച ശേഷമാണ് 20ന് ഇദ്ദേഹം പള്ളിയില്‍ എത്തിയത്.

ഇടുക്കി ജില്ലയില്‍ ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏര്‍പ്പെട്ട നൂറോളം പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മറ്റിടങ്ങളിലെയും സമ്ബര്‍ക്കപ്പട്ടിക അധികൃതര്‍ തയ്യാറാക്കുന്നുണ്ട്. നേരിട്ട് സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട 20 പേരുടെ സ്രവമാണ് ഇതിനകം പരിശോധനയ്ക്ക് അയച്ചത്. രോഗിയുടെ സ്രവവും വീണ്ടും പരിശോധനയ്ക്ക് അയച്ചു.