പഴയൊരു സ്‌ക്കൂട്ടറിൻ്റെ എന്‍ജിന്‍ ഉന്തുവണ്ടിയില്‍ കെട്ടിവച്ച് 1200 കിലോമീറ്റർ താണ്ടി മൂന്നു പേർ: വഴിയിൽ ഭക്ഷണം നൽകിയത് പൊലീസുകാർ

single-img
28 March 2020

കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗൺ വന്നതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് അന്യസംസ്ഥാനങ്ങളില്‍ തൊഴില്‍ തേടി അഭയം പ്രാപിച്ചവരാണ്. 

കിലോമീറ്ററുകള്‍ താണ്ടി നേരം പുലരുമ്പോഴേക്കും വീടെത്താനായി ചിലര്‍ കടന്നുപോയ പ്രതിസന്ധികളുടെ കഥ ഭീകരമാണ്. അത്തരത്തിലൊരു കഥയാണ് ഡല്‍ഹിയില്‍ നിന്ന് ബീഹാറിലെ മധുബനിയിലെത്തിയ മൂന്ന് പേരുടേത്. 

പഴയൊരു സ്‌ക്കൂട്ടറിൻ്റെ എന്‍ജിന്‍ ഉന്തുവണ്ടിയില്‍ കെട്ടിവച്ചാണ് 1200 കിലോമീറ്ററോളം ദൂരം ഇവര്‍ യാത്രചെയ്തത്. ലാലു മഹ്‌തോ, ഗോര്‍ ലാല്‍ മഹ്‌തോ എന്നീ രണ്ടുപേരും അവരുടെ ഒരു ബന്ധുവും കൂടിയാണ് ഇത്രയധികം ദൂരം താണ്ടി അതിജീവിച്ചത്. 

ഇവരുടെ യാത്രയ്ക്കിടയില്‍ കാര്യമറിഞ്ഞ ചില പൊലീസുകാര്‍ വഴയിൽ വച്ച് മൂവര്‍ സംഘത്തിന് ഭക്ഷണം നല്‍കുകയായിരുന്നു. യാത്ര 800 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പകര്‍ത്തിയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. 

യാത്രചെയ്ത് ക്ഷീണിച്ചോ? വിശ്രമം വേണോ? എന്നെല്ലാം ചോദിച്ച പൊലീസുകാരോട് അവരുടെ മറുപടി എത്രയും പെട്ടെന്ന് വീടെത്തണം എന്നായിരുന്നു. ‘കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നു. യാത്രയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഞങ്ങളുടെ മുന്നില്‍ ഉണ്ടായില്ല. ഞങ്ങളെ കടത്തിവിടണം’, അവര്‍ പൊലീസിനോട് അപേക്ഷിക്കുകയായിരുന്നു. മനസ്സലിവു തോന്നിയ പൊലീസുകാർ അവർക്ക് ഭക്ഷണം നൽകി യാത്രയാക്കുകയായിരുന്നു. 

ഡല്‍ഹിയില്‍ നിന്നും ചൊവ്വാഴ്ചയാണ് ഇവര്‍ യാത്രതിരിക്കാന്‍ തീരുമാനിച്ചത്. അപ്പോഴേക്കും അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നതിനാൽ ബസ്വഴിയുള്ള യാത്ര നടന്നില്ല. മാത്രമല്ല സംസ്ഥാന അതിർത്തികളും അടച്ചിരുന്നു.