ഇന്ത്യയെ കണ്ട് പഠിക്കണം; പാകിസ്താന്‍ എത്രയും വേഗം ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ഷോയ്ബ് അക്തർ

single-img
24 March 2020

പാക് ജനതയ്ക്ക് ഇപ്പോഴും കൊറോണ വൈറസ് വ്യാപനം വരുത്തുന്ന ഗൗരവം മനസ്സിലായിട്ടില്ലെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷോയ്ബ് അക്തർ. ജനങ്ങളില്‍ പലരും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ അതീവ ഗുരുതരമായ പ്രത്യാഘാതമാകും രാജ്യത്ത് ഉണ്ടാകുകയെന്നും അക്തർ മുന്നറിയിപ്പു നൽകി.

“ഇന്ന് പ്രധാനപ്പെട്ട കാര്യത്തിന് ഞാൻ പുറത്തുപോയിരുന്നു. ഈ യാത്രയില്‍ ആരുമായും ഹസ്തദാനം നടത്തുകയോ ആരെയും ആശ്ലേഷിക്കുകയോ ചെയ്തില്ല. കൂടാതെ യാത്ര ചെയ്ത വാഹനം പൂർണമായും അടച്ചുപൂട്ടുകയും വളരെ വേഗം വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു.’

പക്ഷേ, താന്‍ ഈ യാത്രയിൽ പുറത്തു കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതാണ് എന്ന് അക്തര്‍ പറയുന്നു. ഒരു ബൈക്കിൽ നാലു പേർവരെ ഒരുമിച്ചു യാത്ര ചെയ്യുന്നത് കണ്ടു. അവരാണെങ്കില്‍ എവിടെയോ ടൂർ പോകുകയാണ്.ധാരാളം ആളുകള്‍ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും കണ്ടു.

എന്തുകൊണ്ടാണ് നമ്മൾ ഇപ്പോഴും ഹോട്ടലുകൾ തുറന്നുവച്ചിരിക്കുന്നത്? വളരെ വേഗം അതെല്ലാം അടയ്ക്കുകയല്ലേ വേണ്ടത്? ‘ഇന്ത്യയെ നോക്കി പഠിക്കൂ, അവിടെ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നമ്മുടെ രാജ്യത്താവട്ടെ ഇപ്പോഴും പലര്‍ക്കും യാത്രകൾ പോലും വേണ്ടെന്നു വയ്ക്കാനാകുന്നില്ല.

ആളുകൾ രാജ്യത്തെ തെരുവുകളിൽ കൂട്ടംകൂടുന്നത് തടയാൻ എത്രയും വേഗം ലോക്ക്ഡൗൺ പ്രഖ്യാപിക്കാനും അക്തർ പാക്കിസ്ഥാൻ സർക്കാരിനോട് തന്റെ യുട്യൂബ് ചാനലിൽകൂടി ആവശ്യപ്പെട്ടു. ഇതുവരെ പാകിസ്താനില്‍ സ്ഥിരീകരിച്ച കൊറോണ രോഗികളുടെ എണ്ണം 903 ആണ്. ആറുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.