കൊറോണ തടയാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക; ക്രിമിനല്‍ കേസുകളില്‍ നിന്നും രക്ഷപെടാന്‍ ബിജെപിയില്‍ ചേരുക: ശശി തരൂര്‍

single-img
24 March 2020

ബിജെപിക്കെതിരെ പരിഹാസവുമായികോണ്‍ഗ്രസ് എംപി ശശി തരൂര്‍. കോണ്‍ഗ്രസിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തിക്കൊണ്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരിലുള്ള കേസുകള്‍ അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. കൊറോണയെ നിയന്ത്രിക്കാന്‍ കൈ വൃത്തിയാക്കുന്നതുപോലെ ക്രിമിനല്‍ കേസുകളില്‍ നിന്നും രക്ഷപെടാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മതി എന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

‘ഇന്നത്തെ എഴുത്ത്: കൊറോണയെ തടയാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, പാപങ്ങളില്‍ നിന്നുള്ള മോചനത്തിനായി ഗംഗയില്‍ മുങ്ങൂ, ക്രിമിനല്‍ കേസുകളില്‍ നിന്നും രക്ഷപെടാന്‍ ബിജെപിയില്‍ ചേരുക’, -തരൂര്‍ എഴുതി.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പിന്നാലെ മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബംഗങ്ങള്‍ക്കുമെതിരായ വ്യാജ രേഖ തട്ടിപ്പു കേസ് അവസാനിപ്പിച്ചത്. സ്ഥലത്തിന്റെ കച്ചവടവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസാണ് ഇത്തരത്തില്‍ അവസാനിപ്പിക്കപ്പെട്ടത്.