കെഎം ബഷീറിനെ കാറിടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ എന്ന മറവി രോഗമല്ലേ? ഈ ഗുരുതര രോഗമുള്ള വ്യക്തിയെയാണോ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏൽപ്പിക്കുന്നത്?

single-img
23 March 2020

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കുന്ന വാർത്ത വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിലാണ് നിയമനം. ഡോക്ടർ കൂടിയാണെന്നതു പരിഗണിച്ചുകൊണ്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല നൽകാനാണ് സർക്കാർ തീരുമാനമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്തകൾ.

ജനുവരി അവസാനം ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്തിരുന്നെങ്കിലും വിവാദമായതോടെ സസ്പെൻഷൻ മൂന്നു മാസത്തേക്കു കൂടി നീട്ടാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 3നു രാത്രി 12.55നാണു ബഷീർ കാറിടിച്ചു കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സർവേ ഡയറക്ടറായിരുന്നു.

എന്നാൽ റെട്രൊഗ്രേഡ് അംനേഷ്യ എന്ന മറവി രോഗമാണെന്നു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കൊളേജിലെ ഡോക്ടർമാർ റിപ്പോർട്ടു നൽകിയിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 

ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്നും അപകടം നടന്ന കാലയളവിൽ ആശുപത്രി അധികൃതര്‍ വിശദീകരിച്ചിരുന്നു.

Retrograde amnesia

”Retrograde amnesia is a loss of memory-access to events that occurred, or information that was learned, before an injury or the onset of a disease”

ഇത്തരത്തിൽ ഗുരുതരമായ രോഗമുള്ള വ്യക്തിയെ എങ്ങനെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ചോദ്യമുയരുന്നത്. ഇത്ര വലിയ മറവി രോഗം ഉള്ളൊരാളെ ആണോ ഈ അടിയന്തിര സാഹചര്യത്തിൽ ഇത്രയേറെ ഉത്തരവാദിത്തം ഉള്ള ജോലി ഏല്പിക്കേണ്ടതെന്നും ചിലർ പറയുന്നു. ഈ വിഷയം ചർച്ച ചെയ്യേണ്ട സമയമിതല്ലെന്നറിയാമെങ്കിലും ഇത്തരത്തിൽ ഗൗരവകരമായ അവസ്ഥ കൈകാര്യം ചെയ്യേണ്ട ആൾക്ക് ഇങ്ങനെ ഒരു രോഗമുള്ളത് കൊണ്ട് തുടർന്നങ്ങോട്ട് സംഭവിക്കാൻ സാധ്യത ഉള്ള അപകടങ്ങൾ വലിയ ഭീകരതയായിരിക്കും സമ്മാനിക്കുകയെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. 

അപകടം നടന്ന മൂന്നാം തിയതി ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ കോളേജില്‍ എത്താതെ കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

എം.ബി.ബി.എസ് ബിരുദധാരിയായ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറച്ച് കേസ് ദുര്‍ബലപ്പെടുത്താനാണെന്ന് ആക്ഷേപം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്ന രക്തപരിശോധനാ ഫലവുമായിരുന്നു പുറത്തുവന്നത്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിനായില്ലെന്നായിരുന്നു പരിശോധനാ ഫലം. ഇക്കാരണം കൊണ്ട് മാത്രമാണ് ശ്രീറാമിന് കോടതി ജാമ്യം നല്‍കിയതും. ജാമ്യം നല്‍കിയെങ്കിലും നടപടി ക്രമങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.