‘ജപ്പാനും ഉറപ്പില്ല’ ; ടോക്യോ ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിവെച്ചേക്കും

single-img
23 March 2020

ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് നീട്ടിവച്ചേക്കും. ടൂര്‍ണമെന്റ് നടത്തിപ്പില്‍ അന്തിമതീരുമാനമെടുക്കാന്‍ രാജ്യാന്തര ഒളിംപിക്സ് ഫെഡറേഷന്‍ നാലാഴ്ച സമയം നല്‍കിയതിന് പിന്നാലെ ടൂര്‍ണമെന്റ് നീട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. നേരത്തെ ഒളിംപിക്സ് ഉപേക്ഷിക്കില്ലെന്ന് ഐഒസിയും ജപ്പാനും വ്യക്തമാക്കിയിരുന്നു. കായിക താരങ്ങളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് സമിതിയുടെ തീരുമാനം.

2020 ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്സ് നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യത്തിലാണ് ഒളിമ്പിക്സ് നടത്തിപ്പ് പ്രതിസന്ധിയിലായത്. ടോക്കിയോ ഗെയിംസ് മേധാവി യോഷിരോ മോറിയുമായും ഐ‌.ഒ‌.സി പ്രസിഡൻറ്​ തോമസ് ബാക്കുമായും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ചർച്ച നടത്തി. തുടർന്നാണ്​ ഒളിംപിക്​സ്​ മാറ്റിവെക്കുന്നതായി പ്രസിഡൻറ്​ പാർലമ​ന്റിൽ പ്രഖ്യാപിച്ചത്​. മറ്റു തീയതി കാണാൻ ശ്രമം ആരംഭിച്ചതായി ഐ‌.ഒ.സി വൃത്തങ്ങളും അറിയിച്ചു.ഞായറാഴ്ച വരെ കൊറോണമൂലം ജപ്പാനിൽ 37 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 1,055 പേർക്കാണ്​ രോഗം ബാധിച്ചത്​.

എന്നാൽ ടൂര്‍ണമെന്റ് ജൂലൈയില്‍ നടത്തിയാല്‍ പിന്‍മാറുമെന്ന് കാനഡ മുന്നറിയിപ്പ് നല്‍കി. പാരാലിംപിക്സിനും താരങ്ങളെ അയക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും കനേഡിയന്‍ ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി.