കേരളത്തിലെ ഏഴ് ജില്ലകളിൽ ലോക് ഡൗൺ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; രാജ്യത്താകെ എഴുപത്തഞ്ച് ജില്ലകള്‍ക്ക് ബാധകം

single-img
22 March 2020

സംസ്ഥാനത്തെ കൊവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു.തലസ്ഥാനമായ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ലോക് ഡൗൺ നടപ്പാക്കുന്നത് . ഈ ദിവസങ്ങളിൽ അവശ്യ സര്‍വ്വീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

അതേസമയം അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനം എടുക്കാം. ക്യാമ്പിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇന്ത്യയിലാകെ എഴുപത്തഞ്ച് ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗൺ നിര്‍ദ്ദേശിച്ചത്. ഇപ്പോൾ കേന്ദ്രം ലോക്ഡൗൺ നിര്‍ദ്ദേശിച്ചതോടെ സംസ്ഥാന സർക്കാരും കര്‍ശന നടപടികളിലേക്ക് തന്നെ കടക്കുമെന്നാണ് സൂചന.

ഇനിയുള്ള ദിവസങ്ങളിൽ അവശ്യ സര്‍വ്വീസുകളിൽ എന്തെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിൽ വിശദമായ പട്ടിക തന്നെ പുറത്തിറക്കും. ഈ അവസരത്തിൽ സമയോചിതമായി ഇടപെടാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നൽകി. ജനങ്ങളുടെ ജീവിതം പൂര്‍ണ്ണമായും സ്തംഭിപ്പിക്കാനല്ല, ശക്തമായ നടപടികളിലൂടെ കൊവിഡ് പ്രതിരോധത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു.