ഈ ചിത്രങ്ങൾ പറയും, ഭക്തരേക്കാൾ വിവേകികളാണ് മദ്യപാനികളെന്ന്

single-img
21 March 2020

ലോകം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ഭരണകൂടങ്ങൾ ജനങ്ങൾക്കായി നടത്തുന്നത്. സംസ്ഥാനത്ത് കൊറോണ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഷോപ്പിംഗ് മാളുകളിലും മറ്റും എത്തുന്നവർക്കായി ശക്തമായ പ്രതിരോധ സവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കൊറോണ പടരാനുള്ള സാഹചര്യം മുൻനിർത്തി ആരാധനാലയങ്ങളിലെ ഉത്സവാഘോഷ പരിപാടികൾ ഒഴിവാക്കിയും സിനിമ തീയറ്ററുകൾ അടച്ചിടും സർക്കാർ പ്രവർത്തനങ്ങളോട് സഹകരിക്കുകയാണ്. എന്നാൽ ദിനംപ്രതി ലക്ഷക്കണക്കിന് ജനങ്ങൾ എത്തുന്ന മദ്യശാലകൾ അടച്ചിടാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന വിമർശനവും നിലനിൽക്കുന്നു. മദ്യശാലകളിൽ മദ്യം വാങ്ങാൻ നിൽക്കുന്നവർ നിയന്ത്രിതമായ മുൻകരുതൽ എടുക്കേണ്ടതാണെന്നും സർക്കാർ അറിയിപ്പു നൽകി കഴിഞ്ഞു. 

ഇതിൻ പ്രകാരം നിരവധി മദ്യശാലകളുടെ മുന്നിൽ മദ്യം വാങ്ങുവാൻ നിൽക്കേണ്ട അളവുകൾ വ്യക്തമാക്കിക്കൊണ്ട് ലൈനുകളും വരച്ചിട്ടുണ്ട്. മദ്യം വാങ്ങുന്നവർ ഇതെല്ലാം കൃത്യമായി പാലിക്കുന്നു എന്നുള്ളതാണ് ഏറെ അതിശയകരം. 

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ചില ഉത്സവാഘോഷങ്ങളിൽ കനത്ത ജനക്കൂട്ടം പങ്കെടുത്തതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉത്സവാഘോഷങ്ങളിലെ ജനക്കൂട്ടത്തെയും മദ്യശാലകളിൽ വരുന്ന മദ്യം വാങ്ങിക്കുന്ന ജനക്കൂട്ടത്തെയും താരതമ്യപ്പെടുത്തിക്കൊണ്ട് നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.  അതിൽ ഏറ്റവും രസകരമായതാണ് ഭക്തരേക്കാൾ വിവരമുള്ളവരാണ് മദ്യപാനികൾ എന്ന രീതിയിലുള്ള ട്രോളുകൾ.

കൊറോണയുടെ പശ്ചാത്തലത്തിലും ഉത്സവാഘോഷങ്ങളിൽ കൂട്ടം കൂടി നിന്ന് ആർത്തുവിളിക്കുന്നവരുടെ ചരിത്രവും മദ്യം വാങ്ങുവാൻ നിയന്ത്രണങ്ങൾ പാലിച്ചു നിൽക്കുന്ന മദ്യപാനികളുടെ ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. ഒരർത്ഥത്തിൽ ചിത്രം പരിശോധിച്ചാൽ അതൊരു ട്രോളല്ല യാഥാർത്ഥ്യമാണെന്നുതന്നെ മനസ്സിലാകുമെന്നുള്ളതാണ് വസ്തുത.

ഫേസ് ബുക്കില്‍ നിന്നും കിട്ടിയ ഫോട്ടോയാണ്. സത്യം പറഞ്ഞാല്‍ ഭക്തരേക്കാള്‍ വിവേകം കേരളത്തില്‍ മദ്യം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്കുണ്ട്.

Posted by Mary Lilly on Friday, March 20, 2020