സിസി ടിവി ദൃശ്യങ്ങൾ പൊലീസ് എടുക്കുന്നു, നിയമസഹായം വല്ലതും കിട്ടുമോ?: രജിത് ഫാൻസ് ഗ്രൂപ്പിൽ നിലവിളി

single-img
16 March 2020

ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്താക്കിയ രജിത് കുമാറിന് ഫാന്‍സ് എന്ന പേരില്‍ എത്തിയ ആള്‍ക്കൂട്ടം വിലക്കുകള്‍ ലംഘിച്ച് നെടുമ്പാശേരിയില്‍ സ്വീകരണം നല്‍കിയത് വൻ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയുന്ന 75 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. 

കേസെടുത്തതിന് പിന്നാലെ, കേസിലുൾപ്പെട്ടവർക്ക് നിയമസഹായം ലഭ്യമാകുമോ എന്ന് അന്വേഷിച്ച് രജിത് അനുകൂല ഗ്രൂപ്പുകളിൽ ചോദ്യങ്ങൾ വന്നുതുടങ്ങി. പൊലീസ് സിസി ടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതായും അറസ്റ്റുണ്ടായാൽ നിയമസഹായം ലഭിക്കുമോ എന്നുമാണ് ആരാധകർ ചോദിക്കുന്നത്. 

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് ഇരു ടെര്‍മിനല്‍ കെട്ടിടത്തിലും സിയാല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് രജിത് കുമാര്‍ ആരാധകരെന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ വിമാനത്താവളത്തിലെത്തിയത്. കൂട്ടമായെത്തിയ ഇവര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ കൂടി നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ആള്‍ക്കൂട്ടം പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല.

അറസ്റ്റ് ചെയ്യട്ടേ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ ലൈവിടുകയും ചെയ്തു. വിമാനത്താവളത്തില്‍ ഒരുമിച്ച് കൂടിയവരോട് തിരികെ പോകാന്‍ ആവശ്യപ്പെടണമെന്ന് പൊലീസ് രജിത് കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്വീകരണമൊരുക്കിയ ശേഷം മാത്രമാണ് ആള്‍ക്കൂട്ടം പിരിഞ്ഞ് പോയത്. 

വിലക്കുകള്‍ ലംഘിച്ച് ആള്‍ക്കൂട്ടം കാണിച്ച് കൂട്ടിയ എല്ലാ ആഘോഷകള്‍ക്കും ഒപ്പം നിന്ന ശേഷം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രജിത് കുമാര്‍ ഫേസ് ബുക്ക് ലൈവിലെത്തി.