അതി നിർണ്ണായകമായ നാലു മണിക്കൂർ: കൊച്ചി വമാനത്താവളത്തിൽ നടന്ന കൊറോണ വിരുദ്ധ പോരട്ടം ഇങ്ങനെ

single-img
16 March 2020

സംസ്ഥാനത്തെ കൊറോണ വിരുദ്ധ പോരാട്ടത്തില്‍ അതിനിര്‍ണായകമായിരുന്നു കഴിഞ്ഞ ദിവസം. കോവിഡ് 19 രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റ് നെടുമ്പാശ്ശേരിയില്‍ എത്തിയ വിവരം എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസിന് ലഭിക്കുന്നത് വിമാനം ടേക് ഓഫിനെടുക്കുന്നതിന് കേവലം 15 മിനിറ്റ് മുമ്പായിരുന്നു. കോവിഡ് പൊസിറ്റീവായ വിദേശി മൂന്നാറില്‍ നിന്നും കടന്നിട്ടുണ്ടെന്നും 9 മണിക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴി ലണ്ടനിലേക്ക് പോകാനിടയുണ്ടെന്നുമായിരുന്നു വിവരമെത്തിയത്. തുടര്‍ന്നുള്ള നീക്കങ്ങള്‍ അതിവേഗത്തിലാണ് തീരുമാനമെടുത്തതും നടപ്പാക്കിയതും. 

വിമാനം പിടിച്ചിടാന്‍ കലക്ടറുടെ നിര്‍ദേശമെത്തുമ്പോള്‍ മുഴുവന്‍ ജീവനക്കാരുടെയും ബോര്‍ഡിംഗ് പൂര്‍ത്തിയായിരുന്നു. വിദേശി വിമാനത്തിനുള്ളിലുണ്ടെന്ന് സ്ഥിരീകരണമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഇടപെടലിന് കലക്ടര്‍ മുതിരുകയായിരുന്നു. കൊച്ചി നഗരത്തിലെ ക്യാമ്പ് ഓഫീസില്‍ നിന്നും നെടുമ്പാശേരിയിലേക്ക് കുതിക്കുന്നതിനിടയില്‍ മുഴുവന്‍ യാത്രക്കാരെയും ഓഫ് ലോഡ് ചെയ്യാനും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശം നല്‍കി. 

ഭാര്യാ സമേതനായെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റിനെ വിമാനത്തില്‍ നിന്നും നേരെ ആംബുലന്‍സിലേക്ക് കയറ്റി  കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുപോയി. ഇതിനിടെ ബാക്കിയുള്ളവരുടെ കാര്യത്തില്‍ തിരക്കിട്ട കൂടിയാലോചനയും നടക്കുന്നു. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടക്കമുള്ളവരുമായി ഫോണില്‍ ആശയ വിനിമയം. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി എസ് സുനില്‍ കുമാറും ഇതിനിടെ നെടുമ്പാശ്ശേരിയിലെത്തി. 

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, എസ്.പി കെ. കാര്‍ത്തിക്, സി ഐ എസ് എഫ് അടക്കമുള്ള മറ്റ് ഏജന്‍സികള്‍ എന്നിവരുമായി അടിയന്തര ചര്‍ച്ച. ഒടുവില്‍ വിദേശ ടൂറിസ്റ്റ് സംഘത്തിലെ മറ്റ് 17 പേരെ നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കാന്‍ നടപടി. സംഘത്തില്‍ ഉള്‍പ്പെടാത്ത മറ്റൊരാള്‍ക്ക് വീട്ടില്‍ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി.

ബാക്കി 270 യാത്രക്കാരുമായി എമിറേറ്റ്‌സ് വിമാനം പറന്നുയരുമ്പോള്‍ സമയം 12.47. പരിശോധനാ വിവരങ്ങള്‍ വിമാനക്കമ്പനിക്കും ദുബായ് വിമാനത്താവള അധികൃതര്‍ക്കും കൈമാറിയ ശേഷമായിരുന്നു വിമാനം വിടാനുള്ള തീരുമാനം കെെക്കൊണ്ടത്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനം അവിടം കൊണ്ടും തീര്‍ന്നില്ല. വിമാനത്താവളത്തില്‍ രോഗബാധിതനുമായി  ഇടപഴകിയവരെ കണ്ടെത്തലായിരുന്നു തുടര്‍ന്നുള്ള ആദ്യ നടപടി. 

വിമാനത്താവള ജീവനക്കാരും സി ഐ എസ് എഫ് സുരക്ഷാഭടന്‍മാരും അടക്കമുള്ളവരെ നിരീക്ഷണത്തിനായി അവരവരുടെ വാസസ്ഥലങ്ങളിലേക്ക് മാറ്റി. വിമാനത്താവളത്തിന്റെ അകത്തളം യുദ്ധകാലാടിസ്ഥാനത്തില്‍ അണുവിമുക്തമാക്കാനും നടപടി സ്വീകരിച്ചു. സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി ഉപയോഗിച്ചുള്ള ശുചീകരണം പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് മൂന്നു മണിയോടെ യാത്രക്കാരെ സ്വീകരിക്കാന്‍ ടെര്‍മിനല്‍ സജ്ജമായി.

സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ച് രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.  ഇവര്‍ക്കും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.