ഏഴുമാസത്തെ വീട്ടു തടങ്കല്‍; ഒടുവില്‍ ഫാറൂഖ് അബ്ദുള്ളക്ക് മോചനം

single-img
13 March 2020

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും എം.പിയുമായ ഫാറൂഖ് അബ്ദുള്ളക്ക് മോചനം. ഏഴു മാസത്തെ വീട്ടുതടങ്കലില്‍ നിന്നാണ് മോചിപ്പിച്ചത്. ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു പിന്നാലെയാണ് പൊതുസുരക്ഷാ നിയമപ്രകാരം ഈ 83കാരനെ തടവിലാക്കിയത്. ശ്രീനഗറിലെ സ്വന്തം വീട് സബ്ജയിലായി പ്രഖ്യാപിച്ചാണ് ഫാറൂഖ് അബ്ദുള്ളയെ താമസിപ്പിച്ചിരുന്നത്.

ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസ്, എന്‍.സി.പി ഉള്‍പെടെ പ്രതിപക്ഷം വളരെ നാളുകളായി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഫാറൂഖ് അബ്ദുള്ളയുടെ മകനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ തടവില്‍ തുടരുകയാണ്.

പൊതു സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ വിചാരണകൂടാതെ രണ്ട് വര്‍ഷം വരെ തടവിലിടാം. തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും എതിരെയാണ് ഈ നിയമം പ്രയോഗിക്കാറ്. എന്നാല്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവും എം.പിയും മൂന്ന് തവണ മുഖ്യമന്ത്രിയുമായ വ്യക്തിക്കെതിരെ ഈ നിയമം പ്രയോഗിക്കുന്നത്.