ഉത്തരകൊറിയയിൽ ഒരാൾക്കു പോലും കൊറോണ വെെറസ് ബാധയില്ല; അംഗീകരിച്ച് ലോകാരോഗ്യ സംഘടന: കിം ജോങ് ഉൻ കൊറോണയെ തടഞ്ഞതിങ്ങനെ

single-img
11 March 2020

കൊറോണ വൈറസ് ലോകരാജ്യങ്ങളിൽ ഭീതിവിതയ്ക്കവേ തികച്ചും ഭയരഹിതരായി ഉത്തരകൊറിയ. ചൈനയില്‍ 3136, ഇറ്റലിയില്‍ 463, ഇറാനിൽ 237, ദക്ഷിണ കൊറിയയിൽ 51, യുഎസിൽ 26 എന്നിങ്ങനെയാണ് ചൊവ്വാഴ്ച വരെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം. എന്നാൽ ഉത്തര കൊറിയയിൽ ഒരാൾക്കു പോലും വൈറസ് ബാധിച്ചിട്ടില്ലെന്ന് അവിടുത്തെ ഔദ്യോഗിക മാധ്യമം റൊഡോങ് സിന്‍മുന്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയ്ക്കു പിന്നാലെ ലോകാരോഗ്യ സംഘടനയും ഇക്കാര്യം ശരിവയ്ക്കുകയായിരുന്നു. 

ഈ സംഭവം വാർത്തയായതോടെ രാജ്യം ലോക വാർത്തകളിൽ നിറയാൻ തുടങ്ങുകയും ചെയ്തു. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയ്ക്ക് പോലും സാധിക്കാത്ത മഹാദ്ഭുതമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ ഈ നേട്ടത്തെ വാഴ്ത്തുന്നത്. മാത്രമല്ല ലോകം കൊറോണയെ തുരത്താൻ പെടാപ്പാട് പെടുമ്പോൾ മൂന്ന് രഹസ്യായുധങ്ങൾ പരീക്ഷിച്ച് ശത്രുക്കളെ വെല്ലുവിളിക്കുകയായിരുന്നു ഉത്തര കൊറിയയെന്നുള്ളതും ലോകം കണ്ടു. 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലിനു സമാനമായ മൂന്ന് രഹസ്യആയുധങ്ങളാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് റിപ്പോർട്ടുകൾ. റിപ്പോർട്ട് പുറത്തു വിട്ടത് ഉത്തരകൊറിയയുടെ പ്രധാന ശത്രുവായ ദക്ഷിണ കൊറിയയും. 

എന്തുകൊണ്ടാണ് ഉത്തരകൊറിയയിൽ കൊറോണ വെെറസ് ബാധയെത്താത്തത്? ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ഹോങ്കോങ്, മക്കാവു തുടങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ചൈനയുടെ അയൽപ്രദേശങ്ങളിലെല്ലാം അതിവേഗം പടർന്നിരുന്നു. എന്നാൽ നയുമായി അതിർത്തി പങ്കിടുന്ന ഉത്തര കൊറിയയിൽ എത്തിയില്ലെന്ന വാദം ലോകരാജ്യങ്ങളിൽ സംശയം ജനിപ്പിച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, ലബനൻ, ഇസ്രയേൽ, തുടങ്ങി നൂറോളം രാജ്യങ്ങൾ കൊറോണയുടെ പിടിയിലമർന്നിട്ടും ഒരൊറ്റ കേസ് പോലും തങ്ങളുടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ഉത്തര കൊറിയ.

ഇക്കാര്യത്തിൽ എത്രത്തോളം വിശ്വാസ്യതയുണ്ടെന്നാണ് ലോകം തിരയുന്നത്. ഒരുപക്ഷേ കൊറോണ ഉത്തരകൊറിയയെ ബാധിച്ചിട്ടില്ലെങ്കിൽ അതിനൊരു കാരണമേയുള്ളു. കൊറോണ പടരാൻ തുടങ്ങിയതോടെ ചൈനയുമായി പങ്കിടുന്ന 1500 കിലോമീറ്റർ അതിർത്തി അടച്ചിടുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. കിമ്മിൻ്റെ നിർണായക ഉടപെടൽ കൊറോണയെ ഉത്തര കൊറിയയുടെ മണ്ണിൽ നിന്ന് തുടച്ചു നീക്കാൻ സഹായിച്ചുവെന്നായിരുന്നു ഉത്തര കൊറിയയുടെ അവകാശവാദം. ഇതുതന്നെയാണ് ഐക്യരാഷ്ട്രസഭയും ശരിവയ്ക്കുന്നത്. 

ഇതിനിടെ ഒട്ടും മികച്ചതല്ലാത്ത ആരോഗ്യ സംവിധാനങ്ങളാണ് ഉത്തരകൊറിയയിലുള്ളതെന്നും രാജ്യം കൊറോണ വൈറസിനെ ചെറുത്തു തോൽപ്പിച്ചെന്നതു പൊള്ളയായ അവകാശവാദം മാത്രമാണെന്നാണ് ദക്ഷിണ കൊറിയ അവകാശപ്പെടുന്നത്.  കൊറോണ ബാധമൂലം 200ഓളം ഉത്തര കൊറിയൻ സൈനികർ മരിച്ചതായും രോഗബാധ സംശയിക്കുന്ന 4000ത്തോളം പേർ സമ്പർക്ക വിലക്കിലാണെന്നും ദക്ഷിണ കൊറിയൻ വാർത്ത ഏജൻസി ഡെയ്‌ലി എൻകെ ന്യൂസ് ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്യുന്നു. 

ജനുവരി–ഫെബ്രുവരി മാസങ്ങളിലായാണ് 180 ഓളം സൈനികർ മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 3700–ഓളം സൈനികർക്കു സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയതായാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ന്യൂമോണിയ, ക്ഷയം, ആസ്ത്‌മ, ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നതായും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്താൻ കിം ജോങ് ഉൻ സൈനിക ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായും ചില രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 

ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ ബാധിച്ചയാളെ വെടിവച്ചു കൊന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിൽ സന്ദർശനം നടത്തി തിരിച്ചു വന്നയാളിലാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരമാണ് ഇയാളെ വെടിവച്ചു കൊന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഉത്തര കൊറിയ അവകാശപ്പെട്ടുവെങ്കിലും വൈറസ് ബാധ മറച്ചു വയ്ക്കുകയാണ് ഉത്തര കൊറിയ ചെയ്യുന്നതെന്നാണ് ലോകരാജ്യങ്ങളുടെ ആരോപണം.എന്നാൽ ഈ വാദം സത്യമാണെന്ന് ആരും ഉറപ്പിച്ചു പറയുന്നുമില്ല. 

ഈ വൈറസ് രാജ്യത്ത് കടക്കുന്നതു തടയാൻ ഫലപ്രദമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് ഉന്നത അധികൃതരുടെയും പാർട്ടി നേതാക്കളുടെയും യോഗത്തിൽ കിം ജോങ് ഉൻ ആവശ്യപ്പെട്ടതായി ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയും നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യാന്തര സംഘടനകൾക്കു രാജ്യത്തെ രേഖകളോ വിവരങ്ങളോ പരിശോധിക്കാൻ അനുവാദമില്ലാത്തതും കൊറോണയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരാതിരിക്കാനുള്ള കാരണമാകാമെന്നു രാജ്യാന്തര സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ഉത്തര കൊറിയയിലെ യഥാര്‍ഥ സ്ഥിതി ചൈനയേക്കാൾ മോശമാകാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നത്.  പകര്‍ച്ചവ്യാധികളോടു പ്രതികരിക്കാനുള്ള കഴിവില്‍ ലോകത്ത് 195-ാം സ്ഥാനത്താണ് ഉത്തര കൊറിയ എന്നതും ആശങ്കയുയർത്തുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.