വാര്‍ത്താ ചാനലുകളെ വിലക്കിയ നടപടി; മാധ്യമങ്ങളെ പഴിചാരി കെ സുരേന്ദ്രന്റെ ന്യായീകരണം

single-img
11 March 2020

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ മീഡിയാ വണ്ണിനും ഏഷ്യാനെറ്റിനും രണ്ട് ദിവസത്തേക്ക് പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഷ്ട്രീയകാരണങ്ങളല്ലെന്നും വിലക്കിനുപിന്നില്‍ കേരള ബിജെപിയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളല്ലെന്നും പള്ളിതകര്‍ത്തു എന്ന വ്യാജവാര്‍ത്ത നല്‍കി മതഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് രണ്ടു വാര്‍ത്താ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടിയുണ്ടായതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളാ ബിജെപിയില്‍ നിന്നും ഇക്കാര്യത്തില്‍ ഒരു ശ്രമവുമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ മതങ്ങളെയോ ജനങ്ങളേയോ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തരുത്. രാഷ്ട്രീയ പാര്‍ട്ടികളെയും സമൂഹത്തെയും പോലെ തന്നെ മാധ്യമങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ട്. ബിജെപിയും മാധ്യമങ്ങളെ നിരീക്ഷിക്കുന്നുണ്ട്. മാധ്യമങ്ങളും മര്യാദ, സദാചാരം എന്നിവ പാലിക്കണം. കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പ്രതികരിക്കേണ്ടേ. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളാണ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴുള്ള നിലപാടായിരിക്കില്ല മാധ്യമങ്ങള്‍ സ്വീകരിക്കുക. സുരേന്ദ്‌രന്‍ പറഞ്ഞു

മാധ്യമങ്ങളെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നു എന്നു പറഞ്ഞ് പത്രക്കാര്‍ സമരത്തിനിറങ്ങുമായിരുന്നു. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുമുണ്ട്. ബിജെപിക്കെതിരെ ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. താന്‍ പ്രസിഡന്റായ ശേഷം പല മാധ്യമങ്ങളും വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കി. ഇത്തരം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമ ധര്‍മ്മമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.