വെറും പതിനെട്ടു മാസം കൊണ്ട് ലണ്ടനിലെ ജനസംഖ്യ നേർപകുതിയാക്കിയ `കറുത്ത മരണം´: ഇന്നത്തെ കൊറോണയേക്കാൾ ഭീകരനായ മഹാമാരി

single-img
10 March 2020

കൊറോണയെന്ന മഹാമാരി ലോകത്തെ മുഴുവൻ ഭയത്തിൻ്റെ മുൾമുനയിൽ നിർത്തുകയാണ്. നിലവിലെസാഹചര്യമനുസരിച്ച് വരെ കഠിനമായ സാഹചര്യത്തിലൂടെയാണ് ലോകരാജ്യങ്ങൾ കടന്നു പോകുന്നത്. ഈ സമീപ കാലത്തൊന്നും ഇത്രത്തോളം മാരകമായ വെെറസ് ബാധ ലോകത്തെ ആക്രമിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. എന്നാൽ ആക്രമിച്ചിട്ടുണ്ട്, നൂറ്റാണ്ടുകൾക്കു മുമ്പ്. ലോകത്തെ മുഴുവനായിട്ടല്ല, യൂറോപ്പിനെ മുഴുവനായും ആഫ്രിക്കൻ ഭൂഖണ്ഡത്തെ ഭാഗികമായും വേട്ടയാടിയ `കറുത്ത മരണം´. പതിനെട്ടു മാസം കൊണ്ട് ലണ്ടനിലെ ജനസംഖ്യ നേർപകുതിയാക്കി കുറച്ച മഹാമാരി. അതായിരുന്നു `പ്ലേഗ്´. 

1348ലായിരുന്നു പ്ലേഗ് എന്ന കറുത്ത മരണം തൻ്റെ സംഹാര താണ്ഡവം തുടങ്ങിയത്. ഇന്നത്തെ കൊറോണയേക്കാൾ, കേരളത്തിൽ മുമ്പ് കണ്ടെത്തിയ നിപ്പയേക്കാൾ ഭീകര മഹാമാരിയായിരുന്നു പ്ലേഗ്. അന്നു കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി മൃതദേഹങ്ങൾ കൂട്ടിയിട്ടാണു ലണ്ടനിൽ മറവു ചെയ്തിരുന്നതെന്നു ചരിത്രരേഖകൾ വ്യക്തമാക്കുമ്പോൾ ആ ഭയം അടിസ്ഥാനരഹിതമല്ലെന്നുതന്നെ മനസ്സിലാകും. മറ്റാെരു പ്രധാന വസ്തുതയെന്തെന്നാൽ അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും അഞ്ചു കോടിയിലേറെ ജനങ്ങളെ കൊന്നൊടുക്കിയതിൻ്റെ കുപ്രസിദ്ധിയും പ്ലേഗിനുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. 

യൂറോപ്പിൽ ആകമാനം മരണം താണ്ഡവമാടാൻ ഏതാനും മാസങ്ങളേ വേണ്ടിവന്നുള്ളൂ. കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട്‌ ഉത്തരാഫ്രിക്ക, ഇറ്റലി, സ്‌പെയിൻ, ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, ഓസ്‌ട്രിയ, ഹംഗറി, സ്വിറ്റ്‌സർലൻഡ്‌, ജർമനി, സ്‌കാൻഡിനേവിയ, ബാൾട്ടിക്കുകൾ എന്നിവ കറുത്ത മരണത്തിൻ്റെ പിടിയിലമർന്നു. വെറും മൂന്നുവർഷത്തിനുള്ളിൽ യൂറോപ്പിലെ ജനസംഖ്യയുടെ നാലിലൊന്നിലുമധികം—ഏകദേശം 25 ദശലക്ഷം—ആളുകളെയാണ്‌ പ്ലേഗ് ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കിയത്‌. “മനുഷ്യവർഗം ഇന്നുവരെ അറിഞ്ഞിട്ടുള്ളതിലേക്കും പൈശാചികമായ ജനസംഖ്യാ വിപത്തെ´ന്നാണ് പ്ലേഗിനെക്കുറിച്ച് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്. 

ചെള്ളുകളിലൂടെയായിരുന്നു പ്ലേഗിനു കാരണമായ ബാക്ടീരിയ (വൈ പെസ്റ്റിസ്) പടർന്നിരുന്നത്. ചെള്ളുകളിലൂടെ എലികളിലേക്കും അവിടെ നിന്ന് മനുഷ്യരിലേക്കും മറ്റു സസ്തനികളിലേക്കുമെല്ലാം അസുഖം പടരുകയായിരുന്നു. പ്ലേഗ് പടർന്നു തുടങ്ങിയ സമയം മംഗോളിയൻ സൈന്യം ക്രിമിയയിലെ കാഫയുടെ വ്യാപാരകേന്ദ്രം അതായത് ഇന്നത്തെ ഫിഡോസിയ വളഞ്ഞ് ആക്രമിക്കാൻ തയ്യാറെടുക്കുന്ന സമയമായിരുന്നു. കോട്ടകെട്ടി സംരക്ഷിച്ചിരുന്ന ഈ വ്യാപാര കേന്ദ്രം ജെനോവയിലാണ്‌ സ്ഥിതി ചെയ്‌തിരുന്നത്‌. എന്നാൽ പെടുന്നനേ നിഗൂഢമായ ഒരു രോഗം സൈന്യത്തിൽ കനത്തനാശം വിതയ്‌ക്കാൻ തുടങ്ങി. സെെനികരുടെ മരണം തുടർക്കഥയായതോടെ ആക്രമണം പിൻവലിക്കാൻ അവർ നിർബന്ധിതരായി. സെെനികർ പിൻവാങ്ങുന്നതിനു മുമ്പ്‌ അവർ ഒരു കാര്യം കൂടി ചെയ്തിരുന്നു. രോഗം പിടിപെട്ടു മരിച്ചുവീണ സൈനികരുടെ ശരീരങ്ങൾ ഭീമാകാരമായ വിക്ഷേപണ ഉപകരണങ്ങൾ ഉപയോഗിച്ച്‌ നഗരമതിലുകൾക്കു മുകളിലൂടെ അവർ അകത്തേക്കു വലിച്ചെറിഞ്ഞു. ദിവസങ്ങൾക്കുള്ളിൽ പ്ലേഗ് മരണം വിതച്ചു തുടങ്ങി. രോഗം ഒരു കാട്ടുതീ പോലെ പടർന്നുപിടിക്കുന്ന ആ നഗരത്തിൽ നിന്നും ജെനോവീസ്‌ നഗരപാലകരിൽ ഏതാനും പേർ രക്ഷപ്പെടാനായി ഗാലിക്കപ്പലുകളിൽ കയറി. ആ കപ്പലുകൾ ഏതെല്ലാം തുറമുഖങ്ങളിൽ എത്തിയോ അവിടെയെല്ലാം രോഗവും പരക്കുകയായിരുന്നു. 

പ്ലേഗ് ബാധിച്ച ഇടങ്ങളിൽ നിന്നും രോഗികളായിരുന്ന ആയിരക്കണക്കിന്‌ ആളുകളെ ഉപേക്ഷിച്ച്‌ പ്രാണഭയത്താൽ ബന്ധുക്കൾ പലായനം ചെയ്‌തു. ഉയർന്ന വർഗ്ഗക്കാരും രാജ്യങ്ങളിൽ ഔദ്യോഗിക പദവികളിലിരുന്നവരുമാണ് ആദ്യം രക്ഷപ്പെട്ടത്. ക്രെെസ്തവ വിശ്വാസം അതിൻ്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന ആ സമയത്ത് മഠങ്ങളിലും അരമനകളിലുമൊക്കെ താമസിക്കുന്നവരിൽ ചിലർ പലായനം ചെയ്‌തെങ്കിലും ഭൂരിഭാഗവും രോഗത്തിൽനിന്നു രക്ഷപ്പെടാമെന്ന വിശ്വാസത്തിൽ അവിടെത്തന്നെ തങ്ങുകയായിരുന്നു. ഇത് മരണസംഖ്യ വർദ്ധിപ്പിച്ചു. 

യൂറോപ്പിനെ ബാധിച്ചത്‌ രണ്ടുതരത്തിലുള്ള പ്ലേഗ്‌ ആയിരുന്നു എന്നാണ്‌ ക്ലെമൻ്റ് ആറാമൻ പാപ്പായുടെ സ്വകാര്യ വൈദ്യനായിരുന്ന ഗീ ഡെ ഷോൽയാക്‌ പറയുന്നത്‌. ന്യൂമോണിക്‌ പ്ലേഗും ബ്യൂബോണിക്‌ പ്ലേഗും. ഇവ രണ്ടിനെയും കുറിച്ചു വിശദമായിഅദ്ദേഹം പ്രതിപാദിക്കുകയും ചെയ്തിരുന്നു:

 “ആദ്യത്തെ രണ്ടുമാസം ന്യൂമോണിക്‌ പ്ലേഗ്‌ സംഹാരതാണ്ഡവമാടി. വിട്ടുമാറാത്ത പനി, രക്തം തുപ്പുക എന്നിവയായിരുന്നു അതിന്റെ ലക്ഷണങ്ങൾ. ഇതു പിടിപെട്ടാൽ മൂന്നു ദിവസത്തിനുള്ളിൽ മരണം സംഭവിക്കുമായിരുന്നു. അതിന്റെ തേർവാഴ്‌ച കഴിഞ്ഞപ്പോൾ പിന്നെ ബ്യൂബോണിക്‌ പ്ലേഗിന്റെ ഊഴമായി. ശരീരത്തിൽ അവിടവിടെ, കൂടുതലായും കക്ഷത്തിലും തുടയിടുക്കിലും ഉണ്ടാകുന്ന വീക്കം അല്ലെങ്കിൽ മുഴ, വിട്ടുമാറാത്ത പനി എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങൾ. ഇതു പിടിപെട്ടാൽ അഞ്ചു ദിവസത്തിനകം ആൾ മരണമടയുമായിരുന്നു.” 

പ്ലേഗിന്റെ മുന്നേറ്റത്തെ തടയുന്ന കാര്യത്തിൽ ഡോക്ടർമാർ തികച്ചും നിസ്സഹായരായിരുന്നുവെന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. ഈ രോഗം പകരുന്നത്‌ എങ്ങനെയാണെന്ന്‌ ആർക്കും കൃത്യമായി അറിഞ്ഞുകൂടായിരുന്നുവെന്നുള്ളതാണ് അതിനു കാരണം. രോഗിയുമായി ഏതെങ്കിലും തരത്തിൽ ഉള്ള ബന്ധം അപകടം ക്ഷണിച്ചുവരുത്തുമെന്നു മാത്രം പലർക്കുമറിയാമായിരുന്നു. രോഗിയുടെ വസ്‌ത്രങ്ങളെ പോലും ഭയപ്പെടേണ്ട അവസ്ഥ. 

ഇതിനിടെ അന്ധവിശ്വാസങ്ങളും പരന്നു. രോഗിയൊന്ന്‌ നോക്കിയാൽ പോലും രോഗം പിടിപെടുമെന്നു ചിലർ ഭയന്നു. ഇറ്റലിയിലെ ഫ്‌ളോറൻസ്‌ നിവാസികൾ കരുതിയത്‌ പൂച്ചകളും നായ്‌ക്കളുമാണു രോഗം പരത്തുന്നത്‌ എന്നാണ്‌. അതുകൊണ്ട്‌ അവർ അവറ്റകളെയെല്ലാം വകവരുത്തി. പൂച്ചയേയും നായക്കളേയും കൊലപ്പെടുത്തയപ്പോൾ പ്ലേഗ് പരത്തുന്ന യഥാർത്ഥ വില്ലൻ എലിക്ക്‌ അവർ സ്വൈര്യമായി വിഹരിക്കുവാനുള്ള സൗകര്യമൊരുക്കുയായിരുന്നു. 

പിടിച്ചുകെട്ടാൻ കഴിയാതെ മരണനിരക്ക്‌ കുത്തനെ ഉയരാൻ തുടങ്ങിയതോടെ, ചിലർ സഹായത്തിനായി ദൈവത്തെത്തന്നെ പ്രാപിച്ചു. തങ്ങൾക്കു രോഗം പിടിപെടാതെ ദൈവം കാക്കുമെന്ന വിശ്വാസത്തിലും മരിച്ചുപോയാൽ സ്വർഗീയ ജീവൻ പ്രതിഫലമായി കിട്ടമെന്ന വിശ്വാസത്തിലും സ്‌ത്രീപുരുഷന്മാർ തങ്ങളുടെ സ്വത്തു മുഴുവൻ സഭയ്‌ക്കു സംഭാവനയായി നൽകി. ഇതു സഭയുടെ ആസ്‌തി കണക്കില്ലാതെ വർധിക്കാൻ ഇടയാക്കിയതല്ലാതെ രോഗത്തിനു ശമനം വരുത്തിയില്ല. ക്രിസ്‌തുവിന്റെ രൂപങ്ങളും ഏലസ്സുകളും ഒക്കെ പരക്കെ ഉപയോഗിച്ചിരുന്നു. പ്രത്യേക കൂട്ടുകൾ ചേർത്തു തയ്യാറാക്കിയ കഷായം ഇവയെല്ലാം രോഗത്തെ അകറ്റിനിറുത്തുമെന്നും വിശ്വസിച്ച് ചിലർ അതു എസേവിച്ചു. ഇതിനെല്ലാം ഉപരിയായി ചോരയൊഴുക്കിക്കളയുക എന്നുള്ള ഒരു പ്രവർത്തനം കൂടി വിശ്വാസികളുടെ ഇടയിൽ നടന്നു. പ്ലേഗ്‌ ബാധിക്കുന്നത്‌ ഗ്രഹനിലയിലെ കുഴപ്പം കൊണ്ടാണെന്നു പോലും പാരീസ്‌ സർവകലാശാലയിലെ വൈദ്യശാസ്‌ത്ര വിഭാഗം അഭിപ്രായപ്പെടുകയുണ്ടായെന്നുള്ളതായിരുന്നു സത്യം. 

അത്തരം അടിസ്ഥാനരഹിതമായ വിശദീകരണങ്ങൾക്കോ വ്യാജ “പ്രതിവിധികൾ”ക്കോ ഒന്നും ഈ കൊലയാളിയെ തളയ്‌ക്കാനായില്ലെന്നുള്ളത് മറ്റൊരു കാര്യം. പരിഭ്രാന്തി നിറഞ്ഞുനിന്ന ഈ അവസ്ഥയിന്മധ്യേയാണ്‌ പോപ്പ്‌ 1350-നെ ഒരു വിശുദ്ധ വർഷമായി പ്രഖ്യാപിച്ചത്‌. റോമിലേക്ക്‌ തീർത്ഥയാത്ര നടത്തുന്നവർക്ക്‌ ശുദ്ധീകരണസ്ഥലത്തു പോകാതെതന്നെ നേരിട്ട്‌ പറുദീസയിലേക്കു പ്രവേശിക്കാൻ കഴിയുമായിരുന്നുവെന്നു പ്രചരിച്ചു.  ലക്ഷക്കണക്കിന്‌ തീർഥാടകർ ഇതിനോടു പ്രതികരിച്ചു. അവർ പോയിടത്തെല്ലാം പ്ലേഗും പരന്നുവെന്നുള്ളത് മറ്റൊരു കാര്യം. 

അഞ്ചു വർഷംകൊണ്ടാണ് കറുത്ത മരണം ലോകത്തിൽ നിന്നും പിൻവാങ്ങിയത്. എന്നാൽ ആ നൂറ്റാണ്ട്‌ വിടപറയും മുമ്പേ ചുരുങ്ങിയത്‌ നാലുതവണ എങ്കിലും അതു വീണ്ടും വന്നുവെന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. മറ്റൊരു പ്രധാനകാര്യം, ചരിത്രകാരൻമാർ  കറുത്ത മരണത്തിൻ്റെ അനന്തരഫലങ്ങളെ ഒന്നാം ലോകമഹായുദ്ധത്തിൻ്റേതുമായിട്ടാണ്‌ താരതമ്യം ചെയ്‌തിരിക്കുന്നത്െന്നുള്ളതാണ്. ജനസംഖ്യയുടെ നല്ലൊരു ശതമാനം തന്നെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടു. ചില പ്രദേശങ്ങൾ പൂർവസ്ഥിതി പ്രാപിക്കാൻ നൂറ്റാണ്ടുകൾതന്നെ വേണ്ടിവന്നു. തൊഴിലാളികളെ കിട്ടാനില്ലാതെയായത്‌ കൂലി കുത്തനെ ഉയരാൻ ഇടയാക്കി. ഒരിക്കൽ സമ്പന്നതയുടെ മടിത്തട്ടിൽ കഴിഞ്ഞിരുന്ന ഭൂവുടമകൾ ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലേക്കു കൂപ്പുകുത്തി. അതോടെ മധ്യകാലഘട്ടത്തിന്റെ മുഖമുദ്രയായിരുന്ന ഫ്യൂഡൽ വ്യവസ്ഥിതി തകർന്നുവീണു. 

പ്ലേഗ് രാഷ്‌ട്രീയവും മതപരവും സാമൂഹികവുമായ മാറ്റങ്ങൾക്കു വഴിതെളിച്ചുവെന്നു പറയുന്നതിലും തെറ്റില്ല. പ്ലേഗിന്റെ ആക്രമണത്തിനു മുമ്പ്‌, ഇംഗ്ലണ്ടിലെ വിദ്യാസമ്പന്നരുടെ ഇടയിൽ ഫ്രഞ്ച്‌ സർവസാധാരണമായി ഉപയോഗിച്ചിരുന്നു. മരണം. അസ്ഥികൂടങ്ങളും ശവശരീരങ്ങളും കഥാപാത്രങ്ങളാകുന്ന ഡാൻസ്‌ മക്കാബർ, ജനപ്രീതിയാർജിച്ച ഒരു നൃത്തരൂപമായി തീർന്നതും പ്ലേഗിനു ശേഷമാണ്. കറുത്ത മരണത്തിന്‌ തടയിടാൻ സഭ പരാജയപ്പെട്ടതുകൊണ്ട്‌, സഭ തങ്ങളെ നിരാശപ്പെടുത്തിയതായി മധ്യകാലഘട്ടത്തിലെ ആളുകൾക്കു തോന്നിയത് പുതിയൊരു മാറ്റത്തിന് തുടക്കമായി. സ്വന്തം നിലയിൽ പണമുണ്ടാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ അന്നത്തെ അവസ്ഥകൾ ആളുകളെ പ്രേരിപ്പിക്കുകയും അതുവഴി ഒരുകാലത്ത് സമൂഹത്തിൻ്റെ താഴെ തട്ടിലുള്ളവർ ഉയർന്ന തട്ടിലായിത്തീരുകയും ചെയ്തു.