അധികാരം പിടിക്കുന്നതിനായി സൗദി രാജകുമാരന്‍ മൂന്ന് രാജകുടുംബാം​ഗങ്ങളെ തടവിലാക്കി

single-img
7 March 2020

സൗദിയിൽ നിന്നും കേൾക്കുന്നത് അത്രനല്ല വാർത്തകളല്ല. അധികാരം ഉറപ്പിക്കാനായി സൗദി രാജകുടംബത്തിലെ മൂന്നുപേരെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് തടവിലാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വഞ്ചനാക്കുറ്റം ചുമത്തി തടവിലാക്കപ്പെട്ടിട്ടുള്ളവരില്‍ രണ്ടുപേര്‍ സൗദി രാജകുടുംബത്തിലെ പ്രധാന അംഗങ്ങളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 

അന്താരാഷ്ര്ട മാധ്യമങ്ങളായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി രാജാവ് സല്‍മാന്റെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസിസ് അല്‍ സൗദ്, രാജാവിന്റെ സഹോദരീപുത്രനായ മുഹമ്മദ് ബിന്‍ നയെഫ് എന്നിവരെ വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടു പോയതായാണ് റിപ്പോര്‍ട്ടുകള്‍.

സ്വന്തം ഉയര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവരെ രാജകുമാരന്‍ മുഹമ്മദ് ജയിലിടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയാണെന്നാണ് രഹസ്യ വിവരങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.  ഇപ്പോഴത്തെ നടപടി അദ്ദേഹത്തിന്റെ ശക്തിപ്രകടമാക്കാന്‍ വേണ്ടിയും ഒപ്പം രാജകുടുംബാഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള സന്ദേശവുമാണെന്നും യു.എസ് നയതന്ത്രജ്ഞ ഉദ്യോഗസ്ഥയായ ബെക്കാ വാസര്‍ പ്രതികരിച്ചു. 

അധികാരം കൈപ്പിടിയിലാക്കാനൊരുങ്ങുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈയടുത്ത് സൗദിയിലെ ആക്ടിവിസ്റ്റുകളെയും ഭരണകൂടവിമര്‍ശകരെയും തടവിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.