കേന്ദ്ര സർക്കാരിന് കുഴലൂതുന്ന മാധ്യമങ്ങൾക്കെതിരെ നപടിയില്ലേ? ചോദ്യവുമായി രാജ്ദീപ് സർദേശായി

single-img
7 March 2020

കഴിഞ്ഞ ദിവസം കേരളത്തിലെ രണ്ട് പ്രമുഖ വാർത്താ ചാനലുകളെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യ ടുഡേ കൺസൾട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സർദേശായി. ‘കേന്ദ്ര സർക്കാരിന്റെ കുഴലൂത്തുകാരായി പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങൾക്ക് എതിരെ നടപടിയൊന്നുമില്ലേ?’ എന്നാണ്‌ അദ്ദേഹം ട്വിറ്റർ വഴി ചോദിച്ചിരിക്കുന്നത്.

ചാനലുകൾക്ക് മേൽ നിരോധനം ഏർപ്പെടുത്തണമോ അവരെ സെൻഷ്വർ ചെയ്യണമോ എന്നുള്ള തീരുമാനങ്ങൾ ഒരിക്കലും സർക്കാരിനോ ഉദ്യോഗസ്ഥർക്കോ വിടാൻ പാടില്ലെന്നും സർദേശായി ചൂണ്ടിക്കാട്ടി. യു.കെയിലെ ‘ഒഫ്‌കോംമി’ന് സമാനമായ രീതിയിൽ, പ്രൊഫഷണലുകൾ നയിക്കുന്ന സ്ഥാപനങ്ങൾ, സുതാര്യമായ രീതിയിലൂടെ വേണം അത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ എന്നും അദ്ദേഹം തന്റെ ട്വീറ്റിൽ പറഞ്ഞു. നമ്മുടെ ജീവിതത്തിൽ, ‘വളർത്തമ്മ സർക്കാരി’ൻ്റെ സാന്നിദ്ധ്യം അവസാനിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

മലയാളത്തിലെ വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനുമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ടുദിവസത്തെ സംപ്രേക്ഷണ വിലക്കേർപ്പെടുത്തിയത്. എന്നാൽ ഇന്നു രാവിലയോടെ ഏഷ്യകനെറ്റിൻ്റെ വിലക്ക് പിൻവലിച്ചിരുന്നു. 

വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ടാണ് നടപടി വന്നത്.വർഗീയ പരാമർശമുള്ളതും കലാപത്തിന് പ്രോത്സാഹനം നൽകുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കുന്ന 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങൾ പ്രകാരമാണ് നടപടി. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് ഫെബ്രുവരി 25ന് മന്ത്രാലയം  നൽകിയ മാർഗനിർദ്ദേശം ലംഘിച്ചെന്നും നിരോധന ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.