മാധ്യമ വിലക്ക്: നരേന്ദ്രമോദി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിൽ: മന്ത്രി എം എം മണി

single-img
7 March 2020

ഡൽഹി കലാപം റിപ്പോർട്ട് ചെയ്ത കേരളത്തിൽ നിന്നുള്ള വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്‍ ചാനലിനും കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് മന്ത്രി എം എം മണി രംഗത്ത്. ഉള്ളത് പറയുന്ന ആളുകളുടെ വായ് മൂടിക്കെട്ടാനാണ് കേന്ദ്ര സ‍‍ർക്കാരിന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു.
ഇങ്ങിനെ ഒരു വിലക്ക് കൊണ്ട് സത്യം മറച്ചുവയ്ക്കാൻ പറ്റുമെന്നാണ് വിചാരിക്കുന്നതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

മാധ്യമങ്ങളെ വിലക്കിയത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് രണ്ടു ചാനലുകളുടെയും സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചത്. ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ നിയമലംഘനം ഉണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്.

48 മണിക്കൂര്‍ സമയമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും അര്‍ദ്ധരാത്രി ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ വിലക്ക് നീക്കി. തുടർന്ന് ഇന്ന് രാവിലെ ഒമ്പതരയോടെ മീഡിയാ വണ്ണിന്‍റെ വിലക്കും പിന്‍വലിച്ചിരുന്നു.