കൊറോണ: ചെെനയെക്കുറിച്ച് പ്രചരിക്കുന്നത് കള്ളങ്ങൾ: വെളിപ്പെടുത്തലുമായി ഇന്ത്യൻ വിദ്യാർത്ഥി

single-img
7 March 2020

ചെെനയിലെ കൊറോണ ബാധയെക്കുറിച്ചുള്ള ചിത്രങ്ങളും വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞ കാലമാണ്. ആളൊഴിഞ്ഞ ചൈനയിലെ തെരുവ് വീഥികൾ, രോഗബാധിതരായ ജനങ്ങൾ, മുഖം മൂടികൾ ധരിച്ച രോഗികൾ, എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് ഇതു സംബന്ധിച്ച് സാധാരണ പ്രചരിച്ചത്. എന്നാൽ സ്ഥിതിഗതികൾ അത്രയ്ക്കും തീവ്രമല്ല എന്ന വിവരമാണ് ചൈനയിൽ നിന്നും രാജ്യത്തേക്ക് തിരിച്ചെത്തിയ ഒരു ഇന്ത്യൻ വിദ്യാർത്ഥി ചൂണ്ടിക്കാണിക്കുന്നത്. 

ചെെനയിൽ രോഗം ആദ്യം കണ്ടെത്തിയ വുഹാൻ സിറ്റിയോട് അടുത്തുള്ള ഒരു സർവകലാശാലയിൽ എംബിബിഎസ് പഠിക്കുന്ന ആശിഷ് കുർമെയാണ് വിവരങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. രോഗബാധ സംബന്ധിച്ച് ചൈനയിൽ നിന്നെന്ന രീതിയിൽ പുറത്തുവന്ന റോഡിൽ വീണുകിടക്കുന്ന മൃതദേഹങ്ങളെ കാട്ടുന്ന വീഡിയോകൾ വ്യാജമാണെന്ന് അദ്ദേഹം പറയുന്നു.  ചൈനയിലെ മരണ നിരക്ക് താരതമ്യേന കുറവാണെന്നും ആശിഷ് വ്യക്തമാക്കുന്നു. 

മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയാണ് ആശിഷ്.  ഒടുവിലത്തെ കണക്കനുസരിച്ച് 3,042 പേരാണ് കൊറോണ ബാധ മൂലം ചൈനയിൽ മരണമടഞ്ഞത്.

ആശിഷിന്റെ വാക്കുകളിലേക്ക്:

‘രോഗം ബാധിച്ച ആദ്യത്തെയാളെ കണ്ടെത്തുന്നത് ഡിസംബർ എട്ടിനാണ്. എന്നാൽ ജനുവരി ആദ്യ ആഴ്ചയിലാണ് ഞങ്ങൾ ഈ വിവരം അറിയുന്നത്. ഇതേക്കുറിച്ച് അതുവരെ ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. രോഗബാധയുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന, രോഗം ബാധിച്ച് ആളുകൾ വൂഹാനിലെ റോഡുകളിൽ മരിച്ചുകിടക്കുന്നതായി കാട്ടുന്ന വീഡിയോകൾ വ്യാജമാണ്. ശരീര താപനില പരിശോധിക്കുന്ന പ്രക്രിയ ആരംഭിച്ചത് ജനുവരി ആദ്യ ആഴ്ച മുതലാണ്. ‘

‘ജനുവരി 23 വരെ ഞങ്ങൾ മാർക്കറ്റിലും സുഹൃത്തുക്കളുടെ വീടുകളിലും പോകുമായിരുന്നു. എന്നാൽ 23 മുതൽ സഞ്ചാര സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഞങ്ങൾ വീടുകളിൽ തന്നെ ഇരുന്നു. ആ സമയം ടീച്ചർമാരാണ് ഞങ്ങളുടെ കാര്യങ്ങൾ നോക്കിയത്. സ്ഥിതിഗതികൾ വഷളായപ്പോഴാണ് ഞങ്ങൾ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. എന്നാൽ 15 വർഷം മുൻപുണ്ടായ ‘സാർസ്’ രോഗബാധയുമായി താരതമ്യപ്പെടുത്തുമ്പോൾ കൊറോണ രോഗബാധ കൊണ്ടുള്ള മരണനിരക്ക് തീരെ കുറവാണ്. ‘