‘പ്രിയപ്പെട്ട മോദി ജി എന്നെ കേള്‍ക്കാത്ത നിങ്ങളുടെ അംഗീകാരം എനിക്ക് വേണ്ട’: എട്ടു വയസ്സുകാരിക്ക് പറയാനുള്ളത്

single-img
7 March 2020

ലിസിപ്രിയ കംഗുജം എന്ന പെൺകുട്ടിക്ക് വെറും എട്ട് വയസ്സാണ് പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവർത്തകയാണ് ലിസിപ്രിയ. മാര്‍ച്ച് എട്ട് വനിതാദിനത്തിന് തന്‍റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് കരുത്തുറ്റ ഏതെങ്കിലും സ്ത്രീകളായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് നല്‍കിയ അംഗീകാരം നിരസിച്ചിരിക്കുകയാണ് കാലാവസ്ഥാ പ്രവര്‍ത്തകയായ ലിസിപ്രിയ കംഗുജം.

മണിപ്പൂരില്‍ നിന്നുള്ള ലിസിപ്രിയ തങ്ങള്‍ക്ക് പ്രചോദനമായ സ്ത്രീകളില്‍ ഒരാളാണ് എന്ന് MyGovIndia ട്വീറ്റ് ചെയ്‍തിരുന്നു.2019 -ല്‍ അവള്‍ ഡോ. എപിജെ അബ്‍ദുള്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്. കൂടാതെ ലോക ശിശു സമാധാന സമ്മാനം, ഇന്ത്യാ സമാധാന സമ്മാനം എന്നിവയ്‍ക്കും അര്‍ഹയായിട്ടുണ്ട്. അവര്‍ പ്രചോദനമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ? അവളെപ്പോലെ ആരെയെങ്കിലും നിങ്ങള്‍ക്കറിയാമോ? ഞങ്ങളെ അറിയിക്കൂ. ഹാഷ് ടാഗ് #SheInspiresUs എന്നായിരുന്നു ട്വീറ്റ്.

എന്നാല്‍, ട്വീറ്റ് കണ്ട ലിസിപ്രിയ ആ അംഗീകാരം നിരസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാരണമായി പറഞ്ഞത് പ്രധാനമന്ത്രി തനിക്ക് പറയാനുള്ളതിന് ശ്രദ്ധ നല്‍കുന്നില്ല എന്നതായിരുന്നു. ട്വീറ്റിന് മറുപടിയായി ലിസിപ്രിയ കുറിച്ചത് ഇങ്ങനെയായിരുന്നു, ‘ പ്രിയപ്പെട്ട മോദി ജി, നിങ്ങളെന്‍റെ ശബ്‍ദം കേള്‍ക്കുന്നില്ലായെങ്കില്‍ നിങ്ങളെന്നെ ആഘോഷിക്കുകയും ചെയ്യരുത്. #SheInspiresUs -വിന്‍റെ ഭാഗമായി രാജ്യത്തെ പ്രചോദനമായി മാറിയ സ്ത്രീകളുടെ കൂട്ടത്തില്‍ എന്നെക്കൂടി തെരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. പലതവണ ചിന്തിച്ചതിനുശേഷം ഞാന്‍ ഈ ആദരം നിരസിക്കുകയാണ്.’ \

മറ്റൊരു ട്വീറ്റില്‍, ‘സര്‍ക്കാര്‍ എനിക്ക് പറയാനുള്ളത് കേള്‍ക്കുന്നില്ല. ഇന്നവരെന്നെ രാജ്യത്തെ പ്രചോദനമാകുന്ന സ്ത്രീകളില്‍ ഒരാളായി കണക്കാക്കിയിരിക്കുന്നു. അത് ശരിയാണോ?’ എന്നും ലിസിപ്രിയ ചോദിച്ചു. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് ലിസിപ്രിയയെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്നത്.