ഇന്ന് വൈകിട്ട് 7:30 മുതൽ 2 ദിവസത്തേക്ക് ഏഷ്യാനെറ്റും മീഡിയവണ്ണും ഇല്ല ; മാധ്യമങ്ങൾക്ക് നേരെ കേന്ദ്രസർക്കാരിന്റെ തിട്ടൂരം

single-img
6 March 2020

ഡൽഹി : കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് വൈകിട്ട് 7:30 മുതൽ 2 ദിവസത്തേക്ക് ഏഷ്യാനെറ്റും മീഡിയവണ്ണും പ്രക്ഷേപണം നിർത്തി വച്ചു. ഡൽഹി കലാപം റിപ്പോർട്ട് ചെയ്‌തതിന്റെ പേരിലാണ് മാധ്യമങ്ങൾക്ക് മേലും കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗം. 48 മണിക്കൂർ മലയാള വാർത്താ മാധ്യമ ചാനലുകളായ ഏഷ്യാനെറ്റും മീഡിയവണ്ണും പ്രേക്ഷേപണം നിർത്തി വയ്ക്കാനാണ് ഉത്തരവ്.

ഡൽഹി കലാപം റിപ്പോർട് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഈ ചാനലുകൾക്ക് ഫെബ്രുവരി 25 ന് നോട്ടീസ് നൽകിയിരുന്നു.

ഏഷ്യാനെറ്റിന് അയച്ച നോട്ടീസിൽ പറയുന്ന കാരണങ്ങൾ

1.ആയുധ ധാരികളായ കലാപകാരികൾ ആളുകളുടെ മതം നോക്കി ആക്രമിക്കുന്നു
2.നൂറു കണക്കിന് കടകളും വീടുകളും വാഹനങ്ങളും കത്തിച്ചു എന്നും ഇതെല്ലം കണ്ട ഡൽഹി പോലീസ് നിഷ്ക്രിയരായി നോക്കി നിന്നു എന്നുള്ള വാർത്ത റിപ്പോർട്ട് ചെയ്തു.
3.ജഫ്റാബാദ് ,അശോക് നഗർ ,മോജ്പുർ എന്നിവിടങ്ങളിലെ തെരുവുകൾ കലാപകാരികൾ അക്ഷരാർത്ഥത്തിൽ ഭരിക്കുകയായിരുന്നു എന്ന് ചാനലിന്റെ കറസ്‌പോണ്ടന്റ് പി ആർ സോണി(sic) റിപ്പോർട്ട് ചെയ്തു (പി ആർ സുനിലിന്റെ പേരാണ് നോട്ടീസിൽ തെറ്റായി പി ആർ സോണി എന്ന് കൊടുത്തിരിക്കുന്നത്.)
4.വഴിയേ പോകുന്നവരെ തടഞ്ഞു നിർത്തി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായി പി ആർ സുനിൽ റിപ്പോർട്ട് ചെയ്തു.
ഇത്തരം കാര്യങ്ങളെ മറച്ച് വച്ച് കൊണ്ട് പക്ഷപാതപരമായ രീതിയിൽ വാർത്ത റിപോർട് ചെയ്യണമായിരുന്നു എന്നും നോട്ടീസിലുണ്ട്.

മീഡിയ വണ്ണിന് അയച്ച നോട്ടീസിൽ പറയുന്ന കാരണങ്ങൾ

1.സി എ എ വിരുദ്ധ പ്രക്ഷോഭത്തിന് നേർക്ക് കെട്ടിടത്തിന് മുകളിൽ നിന്നും അക്രമികൾ വെടിയുതിർത്തതായി ഡൽഹി കറസ്‌പോണ്ടന്റ് ഹസനുൽ ബന്ന റിപ്പോർട്ട് ചെയ്തു.
2.സി എ എ അനുകൂലികളെ പോലീസ് പിന്തുണക്കുന്നതായി റിപ്പോർട്ട് ചെയ്തു
3.അക്രമം കൂടുതൽ നടന്നത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ചന്ദ് ബാഗിലും മറ്റുമാണെന്ന് റിപ്പോർട്ട് ചെയ്തു.
4.കല്ലേറ് തീവെപ്പ് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് എന്നീ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു.

5.ആർഎസ്എസിനെയും ഡൽഹി പോലീസിന്റെ അനാസ്ഥയെയും ചാനൽ റിപ്പോർട്ടിങ്ങിൽ ചോദ്യം ചെയ്തു.
6.ഡൽഹി പോലീസിനെയും ആർഎസ്എസിനെയും ചാനൽ വിമർശനാത്മകമായി സമീപിക്കുന്നു.

ഈ നോട്ടീസിന്മേലുള്ള മറുപടികൾ ചാനലുകൾ കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിന് കൈമാറിയിരുന്നു.

എന്നാൽ ഇന്ന് വൈകിട്ട് സംപ്രേക്ഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ചാനലുകളുടെ ഉപഗ്രഹ സംപ്രേക്ഷണം കൈകാര്യം ചെയ്യുന്ന എസ്സെൽ ശ്യാം കമ്മ്യൂണിക്കേഷനോട് ആവശ്യപ്പെടുകയായിരുന്നു. ചാനലുകൾക്ക് നേരിട്ട് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് ഒന്നും ലഭിച്ചിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ മാധ്യമങ്ങൾക്ക് മേലുള്ള കർഫ്യു ആണ് നടക്കുന്നതെന്ന് പകൽ പോലെ വ്യക്തം.

ഡൽഹി കലാപവുമായി വിധി പുറപ്പെടുവിക്കാൻ തങ്ങൾക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു എന്ന് നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നു.ഇപ്പോൾ അതിനു പിന്നാലെ മാധ്യമങ്ങൾക്ക് മേലും കേന്ദ്രസർക്കാരിന്റെ തിട്ടൂരാൻ പ്രയോഗം. ഇന്ത്യയെ താങ്ങി നിർത്തുന്ന നാല് തൂണുകളിൽ ജുഡീഷ്യറിക്കും ,മീഡിയക്കും മേലാണ് കേന്ദ്ര സർക്കാരിന്റെ കടന്നു കയറ്റമെന്നത് ഇന്ത്യ ഇരുണ്ട കാലത്തേക്ക് നീങ്ങുന്നു എന്നതിന്റെ തെളിവാണ്.