‘റിസോർട്ട് രാഷ്ട്രീയവുമായി’ ബിജെപി വീണ്ടും: മധ്യപ്രദേശിൽ എട്ട് എംഎൽഎമാർ പഞ്ചനക്ഷത്ര ഹോട്ടലിൽ

single-img
4 March 2020

ഡൽഹി: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്‍റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കി നാടകീയ നീക്കങ്ങൾ. എട്ട് ഭരണകക്ഷി എംഎൽഎമാരെ ഡൽഹി – ഹരിയാന അതിർത്തിയിലുള്ള ഗുരുഗ്രാമിലെ ഹോട്ടലിൽ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. 8 എംഎൽഎമാർ ഹരിയാന ഗുരുഗ്രാമിലെ റിസോർട്ടിലെത്തിയതോടെ മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്.

Support Evartha to Save Independent journalism

4 കോൺഗ്രസ് എംഎൽഎമാരും 4 സ്വതന്ത്രരുമാണു റിസോർട്ടിലെത്തിയത്. എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചതിനു പിന്നാലെയാണു നാടകീയ നീക്കങ്ങൾ. 230 അംഗ സഭയിൽ കോൺഗ്രസിന് 114, ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്. ബിഎസ്പി (2), എസ്പി (1), 4 സ്വതന്ത്രർ എന്നിവർ കോൺഗ്രസിനെയാണു പിന്തുണച്ചിരുന്നത്. 2 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ബിജെപിയിലെ ‘ശക്തനായ ഒരു മുൻമന്ത്രി’യാണ് ഇതിന് പിന്നിൽ എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മുൻ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനെയും മുൻ ബിജെപി മന്ത്രിയും നിലവിൽ എംഎൽഎയുമായ നരോത്തം മിശ്രയെയും ഉന്നമിട്ടാണ് കോൺഗ്രസിന്‍റെ ആരോപണം ആരോപണം.ശിവരാജ് ചൗഹാനും നരോത്തം മിശ്രയും കോൺഗ്രസ് എംഎൽഎമാർക്ക് ഓരോരുത്തർക്കും 25 മുതൽ 35 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നത് എന്നാണ് ദിഗ്‍വിജയ് സിംഗ് തുറന്നടിച്ചത്.