പ്രണയം ഇങ്ങനെയൊക്കെയാണ് ; തളർച്ചയിലും പ്രണവിന് ഷഹ്നയുണ്ടല്ലോ സഖിയായി

single-img
4 March 2020

ഇരിങ്ങാലക്കുട: പ്രണയം ഇങ്ങനെയൊക്കെയാണ്. ആരോടും പറയാതെ, ആരും അറിയാതെ ഒറ്റ നോക്കിൽ ഒറ്റ വാക്കിൽ മനസ്സുകളെ തമ്മിൽ അടുപ്പിക്കും. അത്തരമൊരു മനോഹര പ്രണയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തൃശൂർ ഇരിങ്ങാലക്കുടയിലെ നാട്ടുകാർ. ശരീരം തളർന്നു ജീവിതം വീൽചെയറിലായ പ്രണവും ഷഹ്നയുമാണ് ആ മനോഹര പ്രണയ ജോഡികൾ.‌ നേരിൽക്കണ്ടു പിറ്റേന്നാണ് കുറവുകൾക്കൊപ്പം കൂട്ടായി പ്രണവിനോടൊപ്പം ഷഹ്ന ജീവിതസഖിയായത്.

‌കുടുംബത്തിന്റെയും പ്രണവിന്റെയും എതിർപ്പിനെ മറികടന്നുള്ള വിപ്ലവകരമായ തീരുമാനമായിരുന്നു ഷഹ്നയുടേത്. പ്രണയം വീട്ടിലറിഞ്ഞതോടെ എതിർപ്പുകൾ.എന്നാൽ അതൊന്നും വകവയ്ക്കാതെ തന്റെ പ്രിയപ്പെട്ടവനെ അങ്ങനെയങ്ങ് കൈവിടാതെ ഷഹന പ്രണവിനോടൊപ്പം കൂടുകയായിരുന്നു. ഒരു നാട് മുഴുവൻ അപ്പോൾ മം​ഗളങ്ങൾ നേർന്ന് അവർക്കൊപ്പം ഉണ്ട്. തിരുവനന്തപുരം സ്വദേശിനി ഷഹന ഇപ്പോൾ പ്രണവിന്റെ നല്ലപാതിയാണ്. ഇവരുടെ വിവാഹദൃശ്യങ്ങൾ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങൾ. ക്ഷേത്രനടയിൽ വീൽചെയറിലിരുന്നാണ് പ്രണവ് ഷഹനയുടെ കഴുത്തിൽ താലി ചാർത്തിയത്.

പ്രണയം രണ്ടു ശരീരങ്ങൾ തമ്മിൽ അല്ല രണ്ടു മനസുകൾ തമ്മിൽ ആണെന്ന് അവർ തെളിയിച്ചു പ്രിയ സഹോദരന് വിവാഹ മംഗളാശംസകൾപ്രണവ് ❤ഷഹാനPranav Tuttumon 😘😘😘

Posted by Nisam Vellangalloor on Monday, March 2, 2020

ഷഹ്നയുടെയും പ്രണവിന്റെയും ആ പ്രണയകഥ ഇങ്ങനെ:
ബികോം വിദ്യാർഥിയായിരിക്കെ 6 വർഷം മുൻപ് കുതിരത്തടം പൂന്തോപ്പിൽ നടന്ന ബൈക്ക് അപകടത്തിൽ താഴേക്കാട് സ്വദേശി മണപറമ്പിൽ സുരേഷ് ബാബുവിന്റെ മകൻ പ്രണവിന്റെ ശരീരം തളർന്നു.നെഞ്ചിനു താഴേക്കു തളർന്നെങ്കിലും പ്രണവുമായി നാട്ടിലെ ആഘോഷങ്ങൾക്കെല്ലാം കൂട്ടുകാർ എത്തുമായിരുന്നു. മനസ്സു നിറഞ്ഞ് താളവും മേളവും പ്രണവ് ആസ്വദിക്കും. അങ്ങനെ മതിമറന്ന് മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഷഹനയും ഈ വിഡിയോ കണ്ടു. എന്നാൽ അവന്റെ ജീവിതത്തിൽ ഒരു സ്ഥാനം നേടാനായിരുന്നു അവളുടെ തീരുമാനം.

3 മാസം മുൻപ് ഫെയ്സ്ബുക്കിൽ നിന്നു ഫോൺ നമ്പറെടുത്തു ഷഹ്ന പ്രണവിനെ വിളിച്ചു. കുറച്ചുനാൾ സംസാരിച്ചതോടെ ഷഹ്ന ഇഷ്ടം അറിയിച്ചു; വിവാഹം കഴിക്കാൻ തയാറാണെന്ന കാര്യവും. വിഷമത്തിലായ പ്രണവ് തന്റെ പ്രണയം മറച്ചുവച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതിനു ശ്രമിക്കുന്തോറും ഷഹ്നയുടെ ഇഷ്ടം കൂടി. മറ്റൊരു കാമുകിയുണ്ടെന്നു സുഹൃത്തിനെക്കൊണ്ടു പറയിച്ചു നോക്കി. എന്നിട്ടും ഷഹ്ന പിന്മാറിയില്ല.

ഷഹ്നയുടെ വീട്ടിൽ വിവരം അറിഞ്ഞതോടെ പ്രശ്നമായി. പ്രണവിന്റെ അടുത്തേക്ക് വരുന്നുവെന്നറിയിച്ച് ഷഹ്ന വീട്ടിൽ നിന്ന് ഇറങ്ങി. പ്രണവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരു തീരുമാനമെടുത്തു. പ്രണവിന്റെ അവസ്ഥ ഷഹ്ന നേരിട്ടു കാണട്ടെ. മനം മാറിയാൽ തിരികെ വീട്ടിലെത്തിക്കാം. തിങ്കളാഴ്ച ഷഹ്ന താഴേക്കാട്ടെ വീട്ടിലെത്തി. പ്രണവിനെ കണ്ടു; സംസാരിച്ചു. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഷഹ്ന ഉറച്ചുനിന്നു. തുടർന്ന് ഇന്നലെ കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഷഹ്ന പ്രണവിന്റെ സഖിയായി.