ഇന്ന് ലോകശ്രവണ ദിനം; കേൾവിവൈകല്യങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ഭേദമാക്കാം

single-img
3 March 2020

മാർച്ച് 3 ഇന്നാണ് ലോകശ്രവണ ദിനം. ബധിരത ഇന്ന് ഒരു രോ​ഗമെന്നതിലുപരി ഒരവസ്ഥയായി കണക്കാക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് ഓരോ വർഷവും നാം ശ്രവണ ദിനം ആചരിക്കുന്നതിന്റെ പ്രത്യേകതയും. ബധിരത ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുന്നതരം ആരോഗ്യപ്രശ്നമായിതന്നെ ശാസ്ത്രം തിരിച്ചറിയുകയും വിവിധതരം ചികിത്സാ മാർഗങ്ങൾ കണ്ടുപിടിക്കപ്പെടുകയും ചെയ്തു കഴിഞ്ഞു. കോക്ലിയർ ഇംപ്ലാൻറ്റ് ഉൾപ്പെടെയുള്ള വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ ആഗോള ബധിരസംസ്കാരം എന്ന ആശയത്തെതന്നെ ഇല്ലാതാക്കി.

സുരക്ഷിതമായ ശബ്ദത്തെ പറ്റിയും കേൾവിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും ഒക്കെ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും മാർച്ച് 3 ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ‘ലോക ശ്രവണദിന’മായി ആചരിക്കുന്നത്. ‘ശ്രവണനഷ്ടം നിങ്ങളെ പരിമിതപ്പെടുത്തരുത് (Dont Let hearing Loss Limit You)’ എന്ന മുദ്രാവാക്യത്തോടെ ആചരിക്കപ്പെടുന്ന ഇക്കൊല്ലത്തെ ശ്രവണദിനം മേൽസൂചിപ്പിച്ച പോലെ സമയബന്ധിതവും കൃത്യവുമായ ഇടപെടലുകളെ പറ്റി ആണ് നമ്മളെ ഓർമിപ്പിക്കുന്നത്.

ഒരു കുഞ്ഞ്, ഗർഭാവസ്ഥയിലായിരിക്കുമ്പോഴേ പുറമേ നിന്നുള്ള ശബ്ദങ്ങളോട് പ്രതികരിക്കാറുണ്ട്. എന്നാൽ ഭാഷയെന്നത് നമ്മൾ നിരന്തരമായി ഒരു ശബ്ദപ്രപഞ്ചത്തിലൂടെ കടന്നുപോകുമ്പോൾ സ്വായത്തമാകുന്നതാണ്.ആദ്യത്തെ 3 വർഷങ്ങളാണ് സംസാരത്തിനും ആശയവിനിമയത്തിനും ഭാഷ കൈകാര്യം ചെയ്യാനും കുഞ്ഞിനെ പ്രാപ്തനാക്കുന്ന ഏറ്റവും പ്രധാന കാലഘട്ടം. കുട്ടിയുടെ ബുദ്ധിവികാസത്തിന് ഏറ്റവും അനിവാര്യമായ സമയവും ഇതാണ്.കുട്ടികളുടെ ബൗദ്ധികമായ വളർച്ചയ്ക്ക് കേൾവിക്ക് പരമമായ പ്രാധാന്യമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ശ്രവണ വൈകല്യങ്ങളുണ്ടെങ്കിൽ അതെത്രയും നേരത്തേ കണ്ടുപിടിക്കുക എന്നതാണ് ഇതിലേറ്റവും പ്രധാനകാര്യം. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ ശ്രദ്ധ പതിയേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കുറച്ചു കാര്യങ്ങൾ പറയാം.

ഒരു കുഞ്ഞുണ്ടായാൽ കേൾവി തീർച്ചയായും പരിശോധിച്ചിരിക്കേണ്ട ഘടകങ്ങൾ

1) അടുത്ത ബന്ധുക്കളിൽ കേൾവിക്കുറവ് ഉണ്ടെങ്കിൽ

2) ഗർഭാവസ്ഥയിൽ അമ്മക്ക് റൂബെല്ലയോ ചിക്കൻപോക്സോ പോലുള്ള അണുബാധകൾ വന്നിട്ടുണ്ടെങ്കിൽ

3) മാസം തികയാതെ ജനിച്ച കുഞ്ഞാണെങ്കിൽ

4) പ്രസവ സമയത്ത് കരയാൻ വൈകിയ കുട്ടിയാണെങ്കിൽ

5) ജന്മനാൽ മറ്റ് ഏതെങ്കിലും അവയവങ്ങൾക്ക് പ്രശ്നങ്ങളോ ജനിതക തകരാറുകളോ ഉണ്ടെങ്കിൽ

6) വളർച്ചയുടെ ഏത് ഘട്ടത്തിലായാലും കുട്ടിയെ പരിചരിക്കുന്നയാൾ/സംരക്ഷിക്കുന്നയാൾ കുട്ടിക്ക് കേൾവിക്കുറവ് ഉണ്ടെന്ന് സംശയം തോന്നിയാൽ

ശ്രവണകുറവ് കണ്ടെത്താൻ വൈകുന്ന ഓരോ നിമിഷവും കുട്ടിയുടെ വളർച്ചക്കുള്ള സാധ്യതകളെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ച് സമയബന്ധിതമായി ഇടപെടാൻ സാധിച്ചാൽ ശ്രവണക്കുറവ് സാധാരണ ജീവിതത്തിൽ ഒരു പരിമിതിയേ ആവില്ല.അന്ധത നമ്മളെ നമ്മുടെ ചുറ്റുപാടുകളിൽ നിന്നകറ്റുന്നു, പക്ഷേ ബധിരത നമ്മളെ നമ്മളിൽ നിന്നുതന്നെ അകറ്റുന്നു’ എന്നു പറഞ്ഞത് അന്ധയും ബധിരയുമായിരുന്ന അമേരിക്കൻ എഴുത്തുകാരി ഹെലൻ കെല്ലർ ആണ്. സമൂഹത്തിൽ നിന്ന് എത്രമാത്രം അന്യവൽക്കരിക്കപ്പെടാനും ഒറ്റപ്പെടാനും ബധിരത കാരണമാകുന്നു എന്ന കാര്യം സൂചിപ്പിക്കാനാണത് ഹെലൻ കെല്ലർ അത് പറഞ്ഞത്.എന്നാൽ പുതിയ യുഗത്തിൽ.. ശ്രവണക്കുറവ് മൂലം ഒരു കുട്ടി പോലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുത് എന്നതാവണം നമ്മുടെ ലക്ഷ്യം.