ടീപാര്‍ട്ടി കണക്കെ ഹിന്ദുമഹാസഭയുടെ ഗോമൂത്രപാര്‍ട്ടി, കഴിക്കാന്‍ ചാണക കേക്കും; എല്ലാം കൊറോണയെ തുരത്താന്‍

single-img
3 March 2020

ദില്ലി: ടീപാര്‍ട്ടി എന്ന് കേള്‍ക്കാത്തവരും പാര്‍ട്ടിക്ക് കൂടാത്തവരുമായി ആരും കാണില്ല. എന്നാല്‍ സംഘ്പരിവാറിന്റെ സുവര്‍ണകാലത്ത് എല്ലാം പശുമയമാകുമ്പോള്‍ സല്‍ക്കാരങ്ങളുടെ പേരും മാറും. പേര് മാത്രമല്ല, പാര്‍ട്ടിയില്‍ വിളമ്പുന്ന വിഭവങ്ങളും. എന്നാല്‍ വെറും ഒരു ചാണകസല്‍ക്കാരമായി ഇതങ്ങ് തള്ളിക്കയല്ലേ, സംഗതി കൊറോണയെ തുരത്തി ഓടിക്കാനുള്ള നൂതന പ്രതിരോധ രീതിയാണ്. നടത്തുന്നത് ഹിന്ദു മഹാസഭയും.

ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ആറ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സഭ ഇത്തരത്തിലൊരു പ്രതിരോധ പാദ്ധതിക്ക് മുതിരുന്നതെന്ന് അദ്ദേഹം പറയുന്നു.

“ടീ പാര്‍ട്ടി നടത്തുന്നത് പോലെ ഗോമൂത്ര പാര്‍ട്ടി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ആ പാര്‍ട്ടിയില്‍ വെച്ച്, പശു തരുന്ന ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് ഞങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കും. അങ്ങനെ ജനങ്ങളെ രക്ഷിക്കും” കൊറോണ വിരുദ്ധ യജ്ഞത്തെകുറിച്ച് അദേഹം വിശദീകരിച്ചു. ഗോമൂത്രവും ചാണകകേക്കുമാണ് പാര്‍ട്ടിയില്‍ വിളമ്പുന്ന വിഭവങ്ങള്‍.

ദല്‍ഹിയിലെ ഹിന്ദു മഹാസഭാ ഭവനിലാണ് ആദ്യ ‘ഗോമൂത്ര പാര്‍ട്ടി’. കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ പിന്നീട് രാജ്യത്തിന്റെ എല്ലായിടത്തും ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശുവിന്റെ മൂത്രം, ചാണകം തുടങ്ങിയവയെല്ലാം കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കുന്നുവെന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും. ഇതിനായി ഗോമൂത്ര കൗണ്ടറുകള്‍ ഉണ്ടാകുമെന്നും ഇവിടെ നിന്നും ചാണകം കൊണ്ടുണ്ടാക്കിയ കേക്കും അഗര്‍ബത്തികളും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഉപയോഗിക്കുന്നതോടെ കൊറോണ വൈറസ് ഉടന്‍ ഇല്ലാതാകുമെന്നും ചക്രപാണി കൂട്ടിച്ചേര്‍ത്തു.

നേരത്തേ, മാംസം ഭക്ഷിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ ജന്‍മംകൊണ്ട അവതാരമാണ് കൊറോണ എന്നായിരുന്നു ഹിന്ദു മഹാസഭയുടെ നിലപാട്. ‘കൊറോണ എന്നത് വൈറസ് അല്ല, മൃഗങ്ങളെ ഭക്ഷിക്കുന്നവര്‍ക്ക് മരണത്തിന്റെ ദൂതുമായി എത്തിയ ദൈവാവതാരമാണ്’ എന്നായിരുന്നു ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനായ ചക്രപാണി അന്ന് പറഞ്ഞത്.