`ഇതെന്ത് ചെടിയാ മോനേ, ജമന്തിയാണമ്മേ´: ജമന്തിയെന്നു പറഞ്ഞ് അമ്മയെ പറ്റിച്ച് കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

single-img
3 March 2020

ജമന്തിയെന്നു പറഞ്ഞു പറ്റിച്ച് വീട്ടുമുറ്റത്ത് കഞ്ചാവുചെടി നട്ടുവളർത്തി പരിപാലിച്ചുപോന്ന യുവാവ് അറസ്റ്റിൽ. കുത്തിയതോട് പഞ്ചായത്ത് പത്താംവാർഡിൽ ചാലാപ്പള്ളി വീട്ടിൽ ഷാരൂണിനെയാണ് (24) കുത്തിയതോട് പോലീസ് അറസ്റ്റുചെയ്തത്. വീട്ടിലുള്ള അമ്മയെ ജമന്തിച്ചെടിയെന്നു പറഞ്ഞാണ് ഷാരൂൺ കഞ്ചാവ് ചെടി പരിചയപ്പെടുത്തിയത്. 

ജീവിതത്തിൽ ഇന്നേവരെ ഒരുകൃഷിയും ചെയ്യാത്ത ഷാരൂൺ പ്ലാസ്റ്റിക് ചാക്കിനകത്ത് നട്ട ചെടിക്ക് പതിവായി വെള്ളമൊഴിക്കുന്നുണ്ടായിരുന്നു. ഇു കണ്ട് അമ്മ ചോദിച്ചപ്പോൾ ജമന്തിപോലൊരു ചെടിയാണെന്നാണ് പറഞ്ഞത്. വാർഡിൽ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന കുത്തിയതോട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ.രതീഷിനും പ്രവീണും ഈ വിവരമറിഞ്ഞ്  മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഷാരുണിനെ നിരീക്ഷിക്കുകയായിരുന്നു. 

തുടർന്ന് കുത്തിയതോട് എസ്.ഐ. ഏലിയാസ് ജോർജിന്റെ നേതൃത്വത്തിൽ പോലീസെത്തി ഷാരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഞ്ചാവ് ചെടികളെ പരിപാലിക്കുന്ന സമയത്തായിരുന്നു അറസ്റ്റ്. വിശദമായി നടത്തിയ ചോദ്യംചെയ്യലിൽ ഷാരൂണിന്റെ പക്കൽനിന്നും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങൾ ലഭിച്ചുണ്ടെന്നു പൊലീസ് പറഞ്ഞു. 

കഞ്ചാവ് ഉപയോഗിച്ചതിന്  2016-ൽ കുത്തിയതോട് പോലീസ് അറസ്റ്റുചെയ്ത ഷാരൂണിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്.