സമീപത്തെ പൂട്ടിയിട്ടിരിക്കുന്ന വീട്, റീന അവസാനം പോയി നിന്ന വീട്, മൊബൈൽ ടവറുകളിലൂടെ കടന്നുപോയ ഫോൺ വിവരങ്ങൾ: ദേവനന്ദയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനുറച്ച് പൊലീസ്

single-img
2 March 2020

കൊല്ലത്ത് ഇത്തിക്കരയാറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് തയ്യാറായി പൊലീസ് സംഘം. പൊലീസ്. ദേവനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘവും, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും അടങ്ങിയ വിദഗ്ധ സംഘവും നാളെ പള്ളിമണ്‍ ഇളവൂരിലെത്തി ശാസ്ത്രീയ പരിശോധനകൾക്കു തുടക്കം കുറിക്കും. ദേവനന്ദയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമം തുടങ്ങത്. 

ചൊവ്വാഴ്ചയാണ് സംഘം കുട്ടി മരിച്ചുകിടന്ന പ്രദേശത്ത് പരിശോധനയ്‌ക്കെത്തുക. ആറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഭാഗത്ത് കരയിലും വെള്ളത്തിലും കൂടുതല്‍ പരിശോധന നടത്തുകയാണ് ലക്ഷ്യം. അതിനിടെ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

കുട്ടിയുടേത് സാധാരണ മുങ്ങിമരണമാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം. കുട്ടിയുടെ മൃതദേഹത്തിൽ ബലപ്രയോഗത്തിൻ്റെ പാടുകളില്ലാത്തതും അസ്വാഭാവികത ഇല്ലെന്ന പോസ്റ്റ്മോർട്ടം നിഗമനവും പൊലീസിനെ കുഴയ്ക്കുന്നു.ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. 

ഇതിനിടെ പ്രദേശത്തെ മൊബൈൽ ടവറുകൾ വഴി കടന്നുപോയ എല്ലാ ഫോൺ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. പരിചയമുള്ള ആരെങ്കിലും പുറത്തേക്ക് വിളിച്ചിരിക്കാമെന്ന സംശയം നാട്ടുകാരിൽ സജീവമാണ്. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുന്ന കുഞ്ഞിനെ കാണാതാകുമ്പോൾ അവളുടെ ചെരിപ്പുകൾ വീട്ടിലുണ്ടായിരുന്നുവെന്നുള്ളതാണ് ഇക്കാര്യത്തിലേക്ക് സംശയം നീളുന്നത്. 

ദേവനന്ദയെ കാണാതാകുന്നതിന് മിനിട്ടുകൾക്ക് മുൻപ് അമ്മയുടെ അടുത്തേക്ക് ദേവനന്ദ വരുമ്പോൾ ഷാൾ ചുറ്റിയിരുന്നില്ല. പക്ഷേ, കുഞ്ഞിനൊപ്പം അമ്മ ധന്യയുടെ ഒരു ഷാളും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഈ ഷാളും കണ്ടെത്തിയിരുന്നു. മാത്രമല്ല പൊലീസിൻ്റെ ട്രാക്കർ ഡോഗ് റീന മണം പിടിച്ച് പാഞ്ഞ വഴികൾ സംശയം വർദ്ധിപ്പിക്കുകയാണ്. ആദ്യം ഓടിയത് വീടിന് പിന്നിലേക്കാണ്. 

അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആൾ താമസമില്ലാത്തതിനാൽ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നിൽ നിലയുറപ്പിച്ചു. ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. പിന്നീട് നേരെ പാഞ്ഞത് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്കായിരുന്നു. 

അവിടെ നിന്ന് മാറാൻ കൂട്ടാക്കാതെ നിന്ന റീനയ്‌ക്ക് വീണ്ടും വസ്ത്രം മണപ്പിക്കാൻ നൽകി. സമീപത്തെ ക്ഷേത്രത്തിൽ സപ്‌താഹം നടക്കുന്നതിനാൽ അവിടേക്ക് പോകാൻ ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലൂടെ നായ കുതിച്ച് പാഞ്ഞ് എത്തിയത് അകലെയുള്ള ഒരു വീട്ടിലാണെന്നുള്ളതും പൊലീസ് ഗൗരവത്തോടെ കാണുന്നു.