വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലവും: ദേവനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുവരുമെന്ന പ്രതീക്ഷയിൽ പൊലീസ്

single-img
2 March 2020

കൊല്ലത്ത് പുഴയിൽ വീണു മരിച്ചുവെന്നു കരുതുന്ന ഏഴു വയസ്സുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇനി നിർണ്ണായക  ഘട്ടങ്ങൾ. മൃതദേഹത്തിൻ്റെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലവും ലഭിക്കുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്. ഇതിനൊപ്പം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ പൊലീസ് വീണ്ടും ശേഖരിച്ചു കഴിഞ്ഞു. 

പ്രത്യക്ഷ തെളിവുകളുടെ അടിസ്ഥാനത്തിൽ സാധാരണ മുങ്ങി മരണമാണെന്നാണു പൊലീസിന്റെ നിഗമനം.നടപ്പാലം കടക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്കു വീണതാകാം മരണ കാരണമെന്നാണു പൊലീസ് നിഗമനം. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുമുയർത്തുന്ന  സംശയം. ഈ വാദത്തിൽ ഇവർ ഉറച്ചു നിൽക്കുകയുമാണ്. ഇന്നു ഫൊറൻസിക് സംഘം വീടു പരിശോധിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പരിശോധന ബുധനാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

ബന്ധുക്കളുടെ സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് തുടർച്ചയായി മൊഴികൾ ശേഖരിക്കുന്നത്. ഇതോടൊപ്പം സാഹചര്യത്തെളിവുകളും പരിശോധിക്കുന്നുണ്ട്. അയൽവാസികളുടെ മൊഴികളും എടുക്കുന്നുണ്ട്. കുട്ടിക്ക് ഇത്തരത്തിൽ തനിച്ചു പോകേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. 

പുഴയ്ക്കരികിലേക്ക് കുട്ടി നടന്നു പോയതായി കണ്ടവരുമില്ല. അതിനാൽതന്നെ കുട്ടിയെ ആരോ അപായപ്പെടുത്തിയെന്ന സംശയത്തിൽ തന്നെയാണ് ബന്ധുക്കളും നാട്ടുകാരും. ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ കുട്ടിയുടെ ശരീരത്ത് മുറിപ്പാടുകളോ ബലപ്രയോഗങ്ങളോ നടന്നതായും കണ്ടെത്താത്തതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. കുട്ടി ഇത്ര ദൂരം സഞ്ചരിച്ച് ആറിൽ പോകേണ്ട സാഹചര്യം എന്താണെന്നതിനെ ലക്ഷ്യം വച്ചാണ് അന്വേഷണം നടക്കുന്നത്. 

ദേവനന്ദയുടെ സ്മരണ നിലനിർത്താനായി ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതീ വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് മുറിക്കു ദേവനന്ദയുടെ പേരിടാൻ സ്കൂൾ അധികൃതർ തീരുമാനിച്ചിട്ടുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.