‘എന്താണ് ഇന്ത്യ,എവിടെയാണ് ഇന്ത്യ’: ട്രംപിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് അമേരിക്കക്കാർക്ക് അറിയേണ്ടത് ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം

single-img
26 February 2020

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ സന്ദർശനം ഏറ്റവുമധികം വാർത്താപ്രാധാന്യം നേടിയ ഒരു സംഭവമായിരുന്നു. പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ട്രംപിൻ്റെ യാത്രയെ അമേരിക്കന്‍ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രംപിൻ്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്  ഗൂഗിള്‍ ട്രെന്‍ഡിലെ ചില സെര്‍ച്ചിംഗ് ചോദ്യങ്ങളാണ് ഇപ്പോൾ വാർത്താപ്രാധാന്യം നേടിയിരിക്കുന്നത്. 

ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ രണ്ട് ചോദ്യങ്ങളാണ് അമേരിക്കക്കാര്‍ ഗൂഗിളില്‍ തിരയുന്നതെന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘എന്താണ് ഈ ഇന്ത്യ’,’എവിടെയാണ് ഇന്ത്യ’ എന്നീ ചോദ്യങ്ങൾക്ക് ഉത്തരങ്ങളാണ് അമേരിക്കക്കാർക്ക് അറിയേണ്ടത്.  

ഇക്കഴിഞ്ഞ ജനുവരി 28നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യൻ സന്ദർശനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ജനുവരി 28 മുതല്‍ ഈ ചോദ്യങ്ങള്‍ അമേരിക്കയിലെ ഗൂഗിള്‍ സെര്‍ച്ചില്‍ വ്യാപകമായി ജനങ്ങൾ തിരഞ്ഞു തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതില്‍ ‘എവിടെയാണ് ഇന്ത്യ’ എന്ന ചോദ്യമാണ് വലിയതോതില്‍ തിരഞ്ഞത്. ഗൂഗിള്‍ ട്രെന്‍ഡ് നൽകുന്ന വിവരം അനുസരിച്ച് അമേരിക്കയിലെ കൊളംമ്പിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തിരച്ചിലുകള്‍ ഉണ്ടായിട്ടുള്ളത്.