ഇന്ത്യന്‍ ജനതയുടെ മുന്നിലെ പ്രധാന വെല്ലുവിളി ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ്: രജ്ദീപ് സര്‍ദേശായി

single-img
25 February 2020

രാജ്യത്ത് പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രജ്ദീപ് സര്‍ദേശായി. ബഹറൈനിലെ കേരളീയ സമാജം പുസ്തകോത്സവത്തില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ പാര്‍ലമെന്റ്, കോടതി, മാധ്യമങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ ജനത കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഭരണഘടനാ സ്ഥാപനങ്ങള്‍ അതിന്റെ മൂല്യങ്ങള്‍ ചോരാതെ സംരക്ഷിക്കപ്പെടണം.

Donate to evartha to support Independent journalism

കഴിഞ്ഞ ദിവസമായിരുന്നു ഒരു ജഡ്ജി പ്രധാനമന്ത്രി മോദിയെ ഏറ്റവും മഹാനായ വ്യക്തി എന്ന് വിശേഷിപ്പിച്ചത്. രാജ്യത്തെ ഒരു സിറ്റിംഗ് ജഡ്ജി അങ്ങിനെ ഒരിക്കലും പറയാന്‍ പാടില്ല. പ്രതിപക്ഷം എന്നത് തീർത്തും ദുര്‍ബലമാവുകയും ഒരു നേതാവ് ഏറ്റവും ശക്തനാവുകയും ചെയ്യുമ്പോള്‍ രാജ്യത്ത് ഏകാധിപത്യമാണുണ്ടാവുക എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം പരിസ്ഥിതി എന്നിവയാണ് രാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാവി വെല്ലുവിളി. അതേസമയം ഇപ്പോൾ മതം, ജാതി തുടങ്ങിയവയില്‍ ചുറ്റിത്തിരിയുകയാണ് നമ്മള്‍. എങ്ങിനെയാണ് രാജ്യത്ത് കൂടുതൽ സ്കൂളുകളും ആശുപത്രികളും നിര്‍മ്മിക്കാമെന്നതാണ് വെല്ലുവിളി.

ഉത്തര- ദക്ഷിണ വേര്‍തിരിവ് ഇന്ന് ഇന്ത്യയില്‍ ഏറെ വലുതായി വരികയാണ്. കേന്ദ്രത്തിലേക്ക് കൂടുതൽ നികുതി നല്‍കിയിട്ടും വേണ്ടത്ര കേന്ദ്രവിഹിതം തങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് പരാതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെല്ലാമുണ്ട്. അതേസമയം ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങള്‍ ദക്ഷിണേന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച കുറഞ്ഞ സംസ്ഥാനങ്ങളാണ്.

സാമൂഹ്യ സൂചകങ്ങളെ അടിസ്ഥാനമാക്കി പരിശോധിച്ചാൽ കേരളം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ അതിവേഗം വളരുകയാണ്. ആരോഗ്യമേഖലയില്‍ വളരെയധികം മുന്നേറിയതുകൊണ്ടാണ് കൊറോണ വൈറസിനെ കേരളത്തിന് ഫലപ്രദമായി നേരിടാനായത്. കേരളത്തിൽ ശബരിമല വിധിയുടെ മറവില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമമുണ്ടായി. അത് കേരളത്തിന്റെ പാരമ്പര്യത്തിന് എതിരാണ്. പക്ഷെ ആ വിഭജന ശ്രമം കേരള ജനത തള്ളിക്കളഞ്ഞു.

അതേപോലെ തന്നെ സിഎഎ വിഷയത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വീഴ്ച പറ്റിയിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരായ ജനങ്ങളുടെ അസംതൃപ്തിയാണ് സി എഎ വിരുദ്ധ സമരമായി മാറിയത്. സി എ എയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാൽ കാശ്മീര്‍ വിഷയത്തിലും കേന്ദ്രം അത് ചെയ്തില്ലഎന്നും അദ്ദേഹം പറഞ്ഞു.