നിലംപൊത്തി സ്വാഗത കവാടം; ട്രംപെത്തും മുമ്പേ ‘വൻകാറ്റ്’ വീശുന്നു

single-img
23 February 2020

അഹമ്മദാബാദ് : യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ട്രംപിന്‍റെ പൊതുപരിപാടി നടക്കുന്ന മൊട്ടേറ സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടം തകര്‍ന്നുവീണു. ശക്തമായ കാറ്റിനെ തുർന്നാണ് പ്രവേശന കവാടം തകർന്നതെന്നാണ് റിപ്പോർട്ട്. ട്രംപിനെ സ്വാഗതം ചെയ്യാനായി ഒരുക്കിയ പ്രേവശന കവാടമാണ് കാറ്റിൽ തകർന്നുവീണത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. ട്രംപിനെ സ്വാഗതം ചെയ്യാനായി ഉരുക്ക് കമ്പികള്‍ വെല്‍ഡ് ചെയ്തുണ്ടാക്കിയ കവാടമാണ് കാറ്റില്‍ തകര്‍ന്നത്. ഇതിനു ചുറ്റുമായി വര്‍ണ ഫ്ളക്സുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു. പ്രധാന കവാടം തകര്‍ന്നതിന് പിന്നാലെ മറ്റൊരു കമാനവും കാറ്റില്‍ നിലംപതിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ അജയ് തോമർ പറഞ്ഞു. പ്രവേശന കവാടം പെട്ടെന്ന് പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞതായും ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെയാണ് (ഫെബ്രുവരി 24) ട്രംപ് ഇന്ത്യയിലെത്തുന്നത്. പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിങ്കളാഴ്ച ഇവിടെ നടക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കുകയും പിന്നീട് ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മോട്ടേര പ്രദേശത്തെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കുന്ന ‘നമസ്‌തെ ട്രംപ്’ പരിപാടിയിൽ സംസാരിക്കുകയും ചെയ്യും. 1.10 ലക്ഷം കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്.

അമേരിക്കയുമായി മികച്ച നയതന്ത്ര ബന്ധങ്ങൾ സാധ്യാമാകുമെന്നാണ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ ട്രംപ് ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനു മുമ്പു തന്നെ കാറ്റ് ​ഗതിമാറി വീശി തുടങ്ങിയിരുന്നു. ട്രംപിൻ്റെ ഇന്ത്യ സന്ദർശന വേളയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടുമെന്ന് പ്രതീക്ഷിച്ചിരുന്ന വ്യാപാര കരാറിൽ നിന്നും അമേരിക്ക പിൻമാറുകയായിരുന്നു.മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതും താരിഫ് കുറയ്ക്കുന്നതുമായും ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്. കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അമേരിക്കന്‍ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.