രണ്ടാഴ്ച വിശ്രമം വേണമെന്നു നിർദ്ദേശിച്ച് ഇന്നലെ ഡിസ്ചാർജ് ചെയ്തു: ഇന്നുമുതൽ പാമ്പുപിടിക്കാനിറങ്ങുമെന്ന് വാവ സുരേഷ്

single-img
22 February 2020

അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളേജ് ചികിത്സയിലായിരുന്ന വാവ സുരേഷ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ഇന്നലെ വെെകിട്ട് മൂന്നരയോടെയാണ് ആശുപത്രി വിട്ടത്. ഡോക്ടര്‍മാര്‍ രണ്ടാഴ്ചയോളം വിശ്രമം വേണമെന്ന് നിർദ്ദേശിച്ചാണ് ഡിസ്ചാർജ് അനുവദിച്ചത്. എന്നാൽ ഇന്നു മുതല്‍ പാമ്ബ് പിടിക്കാനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. 

ഇക്കഴിഞ്ഞ 13ന് പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറയിലെ ഒരു വീട്ടില്‍ നിന്ന് പിടിച്ച അണലിയുമായി തിരികെവരവെയാണ് സുരേഷിന്റെ കടിയേറ്റത്. കടി ഗുരുതരമായതിനാൽ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ മള്‍ട്ടി ഡിസിപ്ലിനറി തീവ്രപരിചരണ വിഭാഗത്തിലും പേ വാര്‍ഡിലുമായി രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് പുറത്തിറങ്ങിയത്. മന്ത്രി കെ.കെ ശൈലജ ഇടപെട്ട് സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്നു. 

കേന്ദ്രമന്തി വി. മുരളീധരന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, നടന്‍ പ്രേംകുമാര്‍ തുടങ്ങി നിരവധിപേര്‍ സുരേഷിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. പതിനൊന്നാം തവണയാണ് വാവ പാമ്പുകടിയേറ്റ് ആശുപത്രിയിലാവുന്നത്.

എനിക്ക് നല്‍കിയത് വി.വി.ഐ.പി ചികിത്സയായിരുന്നു. അതും സൗജന്യമായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ഇന്നലെവരെയുള്ള കാര്യങ്ങളെല്ലാം ആരോഗ്യമന്ത്രി ശൈലജടീച്ചര്‍ ഡോക്ടറുമായി നേരിട്ട് സംസാരിച്ചിരുന്നു. ഡോക്ടര്‍മാരുടെ ഫോണ്‍ വഴി തന്നോടും ടീച്ചര്‍ സംസാരിച്ചു. ആശുപത്രിയില്‍ എത്തിയദിവസം മുതല്‍ തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ മറ്റ് ജീവനക്കാര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും വാവസുരേഷ് ഡിസ്ചാർജിനു പിന്നാലെ വ്യക്തമാക്കി.