ആ 13ാം നമ്പർ മടക്കി നൽകിയത് ജീവിതം; ഞെട്ടൽ മാറാതെ പ്രതീഷ്

single-img
22 February 2020

പാലക്കാട് : 13ാം നമ്പർ പൊതുവെ ഭാ​ഗ്യദോഷത്തിന്റെ നമ്പർ ആയാണ് കണക്കാക്കുക. എന്നാൽ വടക്കഞ്ചേരി എളവമ്പാടം കൂട്ടപ്പുര വീട്ടിൽ കെ.എ.പ്രതീഷ് കുമാറിന് അത് ഭാ​ഗ്യ നമ്പറാണ്. തന്റെ ജീവിതം തന്നെ നീട്ടിക്കിട്ടാൻ കാരണമായ ഭാ​ഗ്യ നമ്പർ. അവിനാശി കെഎസ്ആർടിസി ബസ് അപകടത്തിൽ സീറ്റ് ബുക്ക് ചെയ്തശേഷം അവസാന നിമിഷം യാത്ര ഉപേക്ഷിച്ച ഒരാളേയുള്ളൂ. അത്, 13ാം നമ്പർ സീറ്റ് ബുക്ക് ചെയ്ത പ്രതീഷ് ആയിരുന്നു.

അവിനാശിയിൽ അപകടം നടന്ന ദിവസം കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് തിരിക്കാനിരുന്നതായിരുന്നു പ്രതീഷ്കുമാർ. മകളുടെ ചോറൂണായതിനാൽ എന്തായാലും വടക്കഞ്ചേരിയിലെ വീട്ടിലെത്തണമെന്ന് കണക്കുകൂട്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.എന്നാൽ, അപ്രതീക്ഷിതമായി 20നു തിരുവനന്തപുരത്തു കമ്പനിയുടെ മീറ്റിങ് തീരുമാനിക്കുകയും പ്രതീഷ് കുമാറിനോടു പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടെ ബസ് യാത്ര ഉപേക്ഷിച്ച് കൊച്ചുവേളി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. തിരക്കിനിടയിൽ ബസ് ടിക്കറ്റ് റദ്ദാക്കാൻ മറന്നതിനാൽ യാത്രക്കാരുടെ ലിസ്റ്റിൽ പ്രതീഷ് കുമാറും ഉൾപ്പെട്ടിരുന്നു.

തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തയാളുടെ വിവരം അന്വേഷിച്ച് പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ നിന്നു രാവിലെ 9.30ന് ഫോൺ വരുമ്പോഴാണു പ്രതീഷ് അപകട വിവരം അറിയുന്നത്. 13ാം നമ്പർ സീറ്റിന്റെ തൊട്ടടുത്ത സീറ്റിലെയും തൊട്ടു മുന്നിലെയും പിന്നിലെ രണ്ടു നിര സീറ്റുകളിലെയും യാത്രക്കാർ അപകടത്തിൽ തൽക്ഷണം മരിച്ചു.