കേരളത്തിലെ പാല്‍ ക്ഷാമം; തമിഴ്നാട്ടില്‍ നിന്നും ദിനംപ്രതി ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല്‍ എത്തിക്കാന്‍ മില്‍മ

single-img
19 February 2020

കേരളത്തിലെ രൂക്ഷമായ പാല്‍ ക്ഷാമം പരിഹരിക്കാന്‍ മില്‍മ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി തമിഴ്നാട്ടില്‍‌ നിന്നും ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല്‍ ദിനംപ്രതി കേരളത്തിൽ എത്തിക്കാനാണ് തീരുമാനം. കൂടുതൽ വില നൽകി പാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങേണ്ടി വന്നാലുംകേരളത്തിൽ വില വര്‍ദ്ധിപ്പിക്കില്ലെന്ന് മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.

വേനലിന് മുന്നോടിയായി ചൂട് കൂടിയതും കാലികള്‍ക്കുണ്ടായ അസുഖങ്ങളുമാണ് പാലിന്‍റെ ക്ഷാമം രൂക്ഷമാകാന്‍ കാരണം. നിലവിൽ പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ പാലിന്‍റെ കുറവാണ് സംസ്ഥാനത്തുള്ളത്. അതിൽ തന്നെ മലബാറില്‍ മാത്രം പാല്‍ സംഭരണത്തില്‍ മൂന്ന് ശതമാനത്തോളം കുറവ് വന്നു.

പ്രതിസന്ധി പരിഹരിക്കാൻ ഇപ്പോൾ തന്നെ തമിഴ്നാടുമായി സെക്രട്ടറി തല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. അതേപോലെ തന്നെ മഹാരാഷ്ട്രയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും കൂടുതല്‍ പാല്‍ കൊണ്ടു വരും. മാർച്ചുമാസം 11 വരെ കര്‍ഷകര്‍ക്ക് അധികതുക നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്കായി മൂന്നു കോടി പത്തു ലക്ഷം രൂപ അധികമായി ചെലവഴിക്കേണ്ടി വരുമെന്നാണ് മില്‍മ കണക്ക് കൂട്ടുന്നത്.