ടെലികോം കമ്പനികളോട് ഇന്ന് അര്‍ധരാത്രിക്കുള്ളില്‍ കുടിശിക തീര്‍ക്കാന്‍ അന്ത്യശാസനം; അടക്കാനുള്ളത് ഒന്നര ലക്ഷം കോടി രൂപ

single-img
14 February 2020

ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി നോട്ടീസയച്ചതിന് പിറകെ കുടിശ്ശിക അടക്കാന്‍ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ അന്ത്യശാസനം. എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളോടാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കുള്ളില്‍ എജിആര്‍ നികുതി അടക്കണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം താക്കീത് ചെയ്തത്.

എജിആര്‍ കുടിശ്ശികയായി 1.47 ലക്ഷം കോടി രൂപയാണ് കമ്പനികള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലേക്ക് അടക്കാനുള്ളത്. ഇത് അടച്ചുതീര്‍ക്കാനുള്ള കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതി കമ്പനികള്‍ക്ക് കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചിരുന്നു.

ടെലികോം കമ്പനികളെ കുടിശ്ശിക അടക്കാന്‍ നിര്‍ബന്ധിക്കാതിരുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പെട്ടെന്നുള്ള ഇടപെടല്‍.