നിർഭയ: പുതിയ മരണവാറണ്ട് പുറപ്പെടുവിക്കാനുള്ള ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

single-img
13 February 2020

നിര്‍ഭയ കേസില്‍ കുറ്റവാളികളായ പ്രതികൾക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി ദില്ലി പട്ട്യാല ഹൗസ് കോടതി മാറ്റി. താൻ രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജി തള്ളിയത്തിനെതിരെ പ്രതികളിൽ ഒരാളായ വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ നാളെ സുപ്രിം കോടതി ഉത്തരവ് വരാനിരിക്കെയാണ് കോടതിയുടെ നടപടി. പ്രതികളുടെ അഭിഭാഷകന്‍ വാക്കലത്ത് ഒഴിഞ്ഞ സാഹചര്യത്തില്‍ കേസില്‍ പ്രതിയായ പവൻ ഗുപ്തയ്ക്ക് പുതിയ അഭിഭാഷകനെയും കോടതി അനുവദിച്ചു.

Support Evartha to Save Independent journalism

പുതുതായി എത്തുന്ന അഭിഭാഷകന് കേസ് വിശദമായി പഠിക്കാനുള്ള സമയം വേണം എന്ന വാദവും മരണവാറണ്ട് പുറപ്പെടുവിക്കുന്നത് മാറ്റി വയ്ക്കാൻ കാരണമായി. കോടതിയുടെ തീരുമാനം വന്നതിന്റെ പിന്നാലെ കോടതിക്ക് പുറത്ത് വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം നടന്നു. ഇരയ്ക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെടുന്ന സന്നദ്ധ സംഘടനയും കുറ്റവാളികളുടെ ബന്ധുക്കളും ആണ് മുദ്രാവാക്യം മുഴക്കിയത്.

നീതി വൈകിക്കാൻ ഏതെല്ലാം രീതിയിലുള്ള ശ്രമം ഉണ്ടായാലും ഒരിക്കൽ ശിക്ഷ നടപ്പാക്കേണ്ടി വരും എന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. അതേസമയം പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഹര്‍ജിയില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രിം കോടതി പ്രതികളുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടു.