തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുത്: ഹൈക്കോടതി

single-img
13 February 2020

തിരുവനന്തപുരം: ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2015-ലെ പഴയ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. പഴയ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ വിധി ഡിവിഷൻ ബഞ്ച് തള്ളി. 2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ, എന്തിനാണ് പഴയ പട്ടിക ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടികയിൽ 2020 ഫെബ്രുവരി 7 വരെ ചേർത്ത പേരുകൾകൂടി ഉൾപ്പെടുത്തി വോട്ടർപട്ടിക തയാറാക്കാനും അതനുസരിച്ചു തിരഞ്ഞെടുപ്പു നടത്താനും കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോ എന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ചാൽ തീരുമാനം പുനഃപരിശോധിക്കാൻ തയാറാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. കോടതി ഉത്തരവിടുകയാണെങ്കിൽ പുതിയ പട്ടിക തയ്യാറാക്കാൻ ശ്രമിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കോടതി തീരുമാനിക്കട്ടെ എന്നാണ് തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്‍ദീനും വ്യക്തമാക്കിയത്. അതിനാൽ ഇനി അപ്പീൽ പോയി സമയം കളയാനില്ലെന്നതിനാൽ, പുതിയ പട്ടിക തയ്യാറാക്കാൻ തന്നെയാണ് സാധ്യത.